thrissur-explosion-dna-identification

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ (DNA) പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തൃശൂർ മെഡിക്കൽ കോളജിൽ പരുക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തിന്റെ തീവ്രതയിൽ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായതിനാലാണ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്.

സ്ഫോടനത്തിൽ ഏഴുപേരുടെ പൂർണ്ണമായ ശരീരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനുപുറമെ ഒൻപത് ശരീരഭാഗങ്ങൾ കൂടി പാടശേഖരത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് എത്ര പേരുടേതാണെന്ന് നിലവിൽ വ്യക്തമല്ല. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ വിദഗ്ധർ നാളെ അതിരാവിലെ സാംപിളുകൾ ശേഖരിക്കാൻ എത്തും. ബന്ധുക്കളുടെ സാംപിളുമായി മാച്ച് ചെയ്ത ശേഷം മാത്രമേ മൃതദേഹങ്ങൾ വിട്ടുകൊടുക്കൂ.

കടുക്കൻ പോലുള്ള അടയാളങ്ങൾ വച്ച് നാലുപേരെ പ്രാഥമികമായി തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും തർക്കങ്ങൾ ഒഴിവാക്കാൻ ഡിഎൻഎ പരിശോധന നിർബന്ധമാക്കും. എല്ലാ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിധേയമാക്കും.

മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരുടെ കാര്യത്തിൽ അതീവ ശ്രദ്ധയാണ് ആരോഗ്യവകുപ്പ് പുലർത്തുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് സർജന്മാർ, സർജറി, ഓർത്തോ വിഭാഗം വിദഗ്ധർ എന്നിവർ മെഡിക്കൽ കോളജിലെത്തി. ഒരു രോഗിക്ക് കുറഞ്ഞത് മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന നിലയിലാണ് ക്രമീകരണങ്ങൾ. നിലവിൽ 13 പേർ ഇവിടെ ചികിത്സയിലുണ്ട്. ഇതിൽ രണ്ടുപേർ വെന്റിലേറ്ററിലും അഞ്ചുപേർ ഗുരുതരമായ പൊള്ളലേറ്റ നിലയിലുമാണ്. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരാൾക്ക് പൊള്ളലേറ്റില്ലെങ്കിലും മാനസികാഘാതം നേരിട്ടതിനാൽ അദ്ദേഹത്തെയും അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇവർക്കായി പ്രത്യേക കൗൺസിലിംഗും ഒരുക്കി.

ദുരന്തത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ മെഡിക്കൽ കോളജിലും കളക്ടറേറ്റിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർക്കാണ് ഏകോപന ചുമതല. വയനാട് ദുരന്തസമയത്ത് രൂപീകരിച്ചതിന് സമാനമായ പ്രത്യേക എസ്‌ഒപി (SOP) പ്രകാരമാണ് മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നത്.

"കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാൽ പലരെയും ഒറ്റനോട്ടത്തിൽ തിരിച്ചറിയുക അസാധ്യമാണ്. ഡിഎൻഎ പരിശോധന പൂർത്തിയാക്കി മാച്ച് ചെയ്യുന്ന കുടുംബാംഗങ്ങൾക്ക് മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്," മന്ത്രി വീണാ ജോർജ് പറഞ്ഞു.

ENGLISH SUMMARY:

Thrissur explosion victims will undergo DNA testing to identify charred remains as ordered by Health Minister Veena George. This scientific examination is crucial due to the severity of the blast, which has made many bodies unrecognizable.