cusat-academic-pressure-death-kaloor

കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കരീലക്കുളങ്ങര സ്വദേശി ധനുഷ് (21) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ കളമശ്ശേരിയിൽ ധനുഷ് വാടകയ്ക്ക് താമസിച്ചിരുന്ന സ്വകാര്യ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ധനുഷിന്റെ മരണത്തിന് പിന്നിൽ പഠനസംബന്ധമായ സമ്മർദ്ദമാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സെമസ്റ്റർ പരീക്ഷയ്ക്ക് ഹാജരാകുന്നതിന് ധനുഷിന് ഹാജർ കുറവുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഇന്ന് വൈകിട്ട് ഹാജരാക്കേണ്ടതായിരുന്നു.

രേഖകൾ നൽകേണ്ട സമയം കഴിഞ്ഞിട്ടും വിദ്യാർത്ഥിയെ കാണാത്തതിനെ തുടർന്ന് അധ്യാപകർ ഫോണിൽ വിളിച്ചു. എന്നാൽ ധനുഷ് ഫോൺ എടുത്തിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ താമസസ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സുഹൃത്തുക്കളിൽ നിന്നും അധ്യാപകരിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹാജർ കുറവ് മൂലമുണ്ടായ മാനസിക വിഷമമാണോ അതോ മറ്റ് കാരണങ്ങൾ ഉണ്ടോ എന്ന് സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ശ്രദ്ധിക്കുക: മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. (ആരോഗ്യവകുപ്പിന്റെ ‘ദിശ’ ഹെൽപ്പ് ലൈൻ: 1056, മൈത്രി: 0484 2540501).

ENGLISH SUMMARY:

CUSAT student death has been reported following the discovery of a 21-year-old student, Dhanush, from Alappuzha, found deceased at his rented accommodation in Kaloor. Police are investigating whether study-related pressure, particularly concerning low attendance for semester exams, contributed to the incident.