എറണാകുളം കിഴക്കമ്പലത്ത് അഞ്ചുവയസുകാരന്‍ ജംഗിള്‍പാര്‍ക്കിലെ ചതുപ്പില്‍ വീണ് മരിച്ചതിനു പിന്നില്‍ കടുത്ത അനാസ്ഥ. വലിയ സുരക്ഷാവീഴ്ചയെന്ന് സമ്മതിക്കുന്ന അധികൃതരും ഇങ്ങനെ വിപുലമായ പാര്‍ക് പഴങ്ങനാട് പ്രവര്‍ത്തിക്കുന്നതുപോലും അറിഞ്ഞില്ല. ഒാപ്പണ്‍ ജിം ആയി തുടങ്ങിയ സംരംഭം പഞ്ചായത്തിന്റെ ലൈസന്‍സും എടുത്തിട്ടില്ല. പാർക്ക് അധികൃതർക്ക് കടുത്ത വീഴ്ചയെന്നും കണ്ടെത്തൽ. പാലാരിവട്ടം 'ബിയോണ്ട് ബോൺ' പ്രീ സ്കൂളിലെ വിദ്യാർഥിയാണ് മുഹമ്മദ് ആദം.  കുട്ടി കോട്ടയം ചെങ്ങളം സ്വദേശിയാണ്. 

 

കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം കൊച്ചി തമ്മനത്തുള്ള അമ്മവീട്ടിൽ എത്തിച്ചു. അവധിക്കാലം ആഘോഷിക്കാൻ ഇരുപത്തിയഞ്ച് വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പമാണ് കുട്ടി പാർക്കിലെത്തിയത്. മറ്റൊരു കുട്ടിയുടെ അടുത്തേക്ക് അധ്യാപിക പോയ സമയത്താണ് ആദം കൂട്ടംതെറ്റിയത്. 

 

തിരികെ പോകാനായി വാഹനത്തിൽ കയറുന്നതിന് മുൻപ് എണ്ണമെടുത്തപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചതുപ്പിൽ വീണ നിലയിൽ കണ്ടെത്തിയത്. ജീവനക്കാർ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ച് ഏക്കറോളം വരുന്ന പാർക്കിൽ സുരക്ഷാ മതിലുകളോ സിസിടിവി ക്യാമറകളോ ഉണ്ടായിരുന്നില്ല. ഓപ്പൺ ജിമ്മിന് മാത്രം അനുമതിയുള്ള സ്ഥലത്താണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ പാർക്ക് പ്രവർത്തിച്ചിരുന്നത്. 

 

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. തമ്മനത്തെ പൊതുദർശനത്തിന് ശേഷം മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സൗദി അറേബ്യയിലുള്ള പിതാവ് മുഹമ്മദ് നസീർ നാളെ എത്തിയ ശേഷമായിരിക്കും കോട്ടയത്ത് കബറടക്കം നടക്കുക. 

ENGLISH SUMMARY:

A five-year-old boy died after falling into a marsh at a jungle park in Kizhakkambalam, Ernakulam, in what authorities have termed a serious case of negligence. Officials admitted to major safety lapses and even stated that they were unaware of such a large park operating in Pazhanganad. The facility, which began as an open gym, had not obtained a license from the panchayat. It has been found that the park authorities committed grave negligence.