thrissur-fireworks-explosion-mundathikode

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടയാളുടെ വാക്കുകൾ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. "പെട്ടെന്ന് ഒരു വലിയ തീഗോളം മുന്നിലേക്ക് വന്നു വീഴുകയായിരുന്നു. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. രണ്ട് മറിച്ചിൽ മറിഞ്ഞ് പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു. മുപ്പത്തഞ്ചിലധികം പേർ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. മറ്റുള്ളവർക്ക് ഓടി രക്ഷപ്പെടാനുള്ള സമയം പോലും കിട്ടിയിട്ടുണ്ടാകില്ല," അദ്ദേഹം വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു.

അതിനിടെ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. തിരച്ചിലിനിടെ പാടശേഖരത്തിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണിത്. അപകടം നടക്കുമ്പോൾ നാൽപ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.

ഉച്ചതിരിഞ്ഞ് 3:30-ഓടെ ആരംഭിച്ച സ്ഫോടന പരമ്പരകൾ രണ്ടര ഏക്കറോളം വരുന്ന അഞ്ച് വെടിക്കെട്ട് പുരകളെയും ചാമ്പലാക്കി. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ദൂരേക്ക് ചിതറിത്തെറിച്ച നിലയിലാണ്. പുകയും സ്ഫോടനങ്ങളും കാരണം രക്ഷാപ്രവർത്തകർക്ക് ഉൾപ്രദേശത്തേക്ക് കടക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ, കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ പരിശോധന ആരംഭിച്ചിട്ടുണ്ട്. കുഴിമിന്നലുകളും അമിട്ടുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ ഇപ്പോഴും പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നു.

കനത്ത പുകപടലം കാരണം കാഴ്ച തടസ്സപ്പെടുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.  ശേഷിക്കുന്ന വെടിക്കോപ്പുകൾ നനച്ച് നിർവീര്യമാക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ്. തൃശൂർ പൂരത്തിനായി തയ്യാറാക്കിയ വെടിക്കെട്ട് സാമഗ്രികളാണ് അപകടത്തിൽപ്പെട്ടത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടവർക്കായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കിലോമീറ്ററുകൾ ദൂരെയുള്ള വീടുകൾക്ക് പോലും കുലുക്കം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്.

ENGLISH SUMMARY:

Thrissur fireworks explosion survivor recounts the harrowing moments of the blast that destroyed five firecracker sheds. The scale of the disaster is evident as the death toll rises and rescue operations face challenges due to ongoing explosions and thick smoke.