കാലടി സർവകലാശാലയിൽ ഗവർണർ രജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന് വിദ്യാർഥികൾക്കും ഗവേഷകർക്കും വകുപ്പ് മേധാവിയുടെ ഭീഷണി. പരിപാടിക്ക് എത്തിയില്ലെങ്കിൽ ആർഎസി ഓപ്പൺ ഡിഫൻസ് സെഷനുകളിൽ യാതൊരുവിധ സഹായവും നൽകില്ലെന്ന് വാട്ട്സ്ആപ്പ് ശബ്ദരേഖയിലൂടെയാണ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയത്. ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയിൽ വിദ്യാർഥികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് കാണിച്ച് സർവകലാശാല നേരത്തെ ഇറക്കിയ സർക്കുലർ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതോടെ ഈ സർക്കുലർ പിൻവലിച്ചു. ഇതിന് പിന്നാലെയാണ് പുതിയ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ എസ് എഫ് ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ വലിയ പ്രതിഷേധമാണ് നടന്നത്. ക്യാംപസിൽ ഗവർണർ രാജ് ഭരണം അനുവദിക്കില്ലെന്ന് എസ് എഫ് ഐ പ്ലക്കാർഡ് ഉയർത്തി.
എന്നാൽ യാതൊരു തരത്തിലുള്ള പ്രതിഷേധവും ക്യാമ്പസിനുള്ളിൽ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് പോലീസ്. കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്യാംപസിന് പുറത്ത് കെട്ടിയ ബാനറുകൾ പോലീസ് അഴിച്ചുമാറ്റിയിരുന്നു. സർക്കുലറും ഭീഷണി സന്ദേശവും സർവകലാശാലയിൽ വലിയ വിവാദമായി തുടരുകയാണ്.
ENGLISH SUMMARY:
A controversy has erupted at Kalady University after students and research scholars were allegedly threatened with consequences for not attending an event featuring Governor Rajendra Vishwanath Arlekar. A WhatsApp voice message warning of denial of academic support sparked outrage, especially after an earlier circular mandating attendance was withdrawn following protests. The Students’ Federation of India (SFI) has intensified protests on campus, opposing what they call undue pressure. Meanwhile, police have tightened security, disallowing protests within the campus and removing banners. The issue continues to stir debate over academic freedom and administrative overreach.