തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ നടുക്കുന്ന അനുഭവം വിവരിച്ച് രക്ഷപെട്ട തൊഴിലാളികൾ. വെടിക്കെട്ട് പുരയിൽ കരിന്തിരി മുക്കുന്ന ജോലിയിലായിരുന്നു വേലായുധന്. കൺമുന്നിൽ സഹപ്രവർത്തകർ അഗ്നിഗോളത്തിലേക്ക് മറയുന്നത് നേരിൽ കണ്ടതിന്റെ ആഘാതത്തിലാണ് അദ്ദേഹം.

അപകടം നടക്കുമ്പോൾ നാൽപ്പതോളം പേർ സ്ഥലത്തുണ്ടായിരുന്നു എന്നതിന്റെ ദാരുണമായ തെളിവാണ് രക്ഷപെട്ട വേലായുധന്റെ വാക്കുകൾ. "ജോലിക്കാർക്കായി ആകെ 40 പൊതിച്ചോറുകളാണ് കൊണ്ടുവന്നിരുന്നത്. സ്ഫോടനത്തിന് ശേഷം ബാക്കിവന്നത് വെറും 2 പൊതികൾ മാത്രമാണ്," വേലായുധൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഷെഡിന് മുകളിലേക്ക് വലിയ 'ഡൈന' ‌വീണ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. "എനിക്ക് സമയായിട്ടില്ല എന്ന് വെയ്ക്കുക... അത്രയേ എനിക്ക് പറയാൻ പറ്റൂ," മരണത്തിന്റെ മുനമ്പിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വേലായുധന്‍ പറഞ്ഞു.

അല്പം ദൂരം ഓടിയപ്പോഴേക്കും തെങ്ങിന്റെ അത്രയും ദൂരത്തിൽ അടുത്ത വെടിക്കോപ്പ് വീണ് പൊട്ടി. ചെരിപ്പൊക്കെ തെറിച്ചുപോയിട്ടും ജീവൻ മാത്രം കൈയ്യിലെടുത്ത് റോഡിന് അപ്പുറത്തേക്ക് ഓടുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം തിരുവമ്പാടി വിഭാഗത്തിൽ നിന്ന് സാധനങ്ങൾ കൊണ്ടുപോകാനായി എത്തിയവരും അവിടെ ഉണ്ടായിരുന്നു. മൂന്നര മണിയോടെ ചായ കുടിക്കുന്ന സമയമായതിനാൽ ചിലർ മാറിനിന്നതാകാം മരണസംഖ്യ ഇത്രയിലൊതുക്കാൻ കാരണമായതെന്നും അദ്ദേഹം കരുതുന്നു.

അപകടസ്ഥലത്തുനിന്ന് 200 മീറ്റർ അകലെ ജോലി ചെയ്യുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്ന് രക്ഷപെട്ട ഭവാനി പറയുന്നു. ജീവൻ രക്ഷിക്കാനായി ഓടുന്നതിനിടെ പലതവണ വീണ് ഇവർക്ക് കാലിന് പരിക്കേറ്റു. കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ ജോലിക്ക് വരികയായിരുന്നു ഇവരെന്നും ഭവാനി കൂട്ടിച്ചേർത്തു.

മൂന്ന് വലിയ പൊട്ടിത്തെറികളാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ രണ്ടാമത്തെ സ്ഫോടനമാണ് ഏറ്റവും ഭീകരമായിരുന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മണ്ണും കട്ടകളുമെല്ലാം കിലോമീറ്ററുകളോളം ദൂരേക്ക് ചിതറിത്തെറിക്കാൻ ഈ രണ്ടാമത്തെ സ്ഫോടനം കാരണമായി.

അപകടത്തില്‍ മരിച്ച  എട്ടുപേരെ തിരിച്ചറിഞ്ഞെന്ന് മന്ത്രി വി.എന്‍.വാസവന്‍. രണ്ടുപേര്‍ വെന്റിലേറ്ററിലും10 പേര്‍ ഐസിയുവിലും ചികില്‍സയിലാണെന്നും അദ്ദേഹം പറഞ്ഞു. അപകട സമയത്ത് നാല്‍പ്പതോളം പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നെന്നും എത്ര പേര്‍ക്ക് മരിച്ചെന്നത് തിരച്ചിലിന് ഒടുവിലെ മനസ്സിലാകുയെന്നും മുണ്ടത്തിക്കോട് സന്ദര്‍ശിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ചികിത്സയിലുള്ള അഞ്ചുപേരുടെ നില ഗുരുതരമെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അറിയിച്ചു.നാളെ മന്ത്രിസഭായോഗം ചേര്‍ന്ന് ധനസഹായം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

ENGLISH SUMMARY:

Thrissur fireworks blast survivors recount harrowing experiences. Eyewitnesses describe the devastating explosion at Mundathikode, highlighting the narrow escapes and the sheer force of the blasts.