പുറ്റിങ്ങല്‍ വെടിക്കെട്ടപകടം (ഫയല്‍ ചിത്രം)

പത്ത് വര്‍ഷം മുന്‍പ്, 2016 ലെ ആ ദിവസം കൊല്ലം, പരവൂറുകാര്‍ക്ക് മാത്രമല്ല കേരളത്തിനുപോലും മറക്കാനാകില്ല. കേരളം നടുങ്ങിയ പരവൂര്‍ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം! നൂറോളം ജീവനുകള്‍ പൊള്ളിയടര്‍ന്ന് നിലവിളിച്ച രാത്രി. പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്‍റെ പൊള്ളുന്ന ഓര്‍മ്മകളുമായി പത്താം വാര്‍ഷികം കടന്നുപോയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ... ആ ഓര്‍മ്മകള്‍ മായും മുന്‍പേ മറ്റൊരു ദുരന്തത്തിന്‍ കൂടി കേരളം സാക്ഷിയാകുകയാണ്...

പുറ്റിങ്ങൽ ദുരന്തം

2016 ഏപ്രിൽ 9 നായിരുന്നു പുറ്റിങ്ങൽ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം. രാത്രി 11.56 ന് വെടിക്കെട്ട് തുടങ്ങി. മല്‍സരക്കമ്പം കാണാന്‍ ആയിരക്കണക്കിനുപേരാണ് പരവൂരിലേക്ക് ഒഴുകിയെത്തിയത്. എന്നാല്‍ പിറ്റേന്ന് ഏപ്രില്‍ പത്തിന് പുലര്‍ച്ചെ 3.13ന് വെടിക്കെട്ട് അവസാനഘട്ടത്തിലേക്കെത്തിയപ്പോള്‍, ക്ഷേത്രോത്സവത്തിന്റെ ആവേശവും ആഘോഷവും വലിയ ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. വെടിക്കെട്ടിനിടയില്‍ ആകാശത്തേക്കുയര്‍ന്ന അമിട്ട് പകുതി പൊട്ടി, താഴെ നിലത്തിരുന്ന അമിട്ടുകളിൽ വീഴുകയായിരുന്നു. അമിട്ടിൽ നിന്നു തെറിച്ച തീപ്പൊരികളുമായി കമ്പക്കാരൻ വെടിക്കെട്ടു ശാലയിലേക്ക് ഓടിക്കയറി. കമ്പപ്പുര തീഗോളമായി. നാടിനെ നടുക്കി ഉഗ്രസ്ഫോടനമുണ്ടായി. 

മുണ്ടത്തിക്കോട് ദുരന്തത്തിന് മുന്‍പുള്ള ദൃശ്യങ്ങള്‍

സ്ഫോടനത്തിൽ ഒരു കിലോമീറ്റർ അകലെ നിന്നവർ പോലും മരിച്ചു വീണു. കോൺക്രീറ്റ് ചെയ്ത കമ്പപ്പുരയ്ക്കുള്ളിലെ പടക്ക സാമഗ്രികൾക്ക് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ചിതറിത്തെറിച്ച കോൺക്രീറ്റ് പാളികളും അതിലെ കമ്പികളുമാണു ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. 110 ജീവനുകളാണ് കത്തിയെരിഞ്ഞത്. 656 പേർക്ക് പരുക്കേറ്റു. കൈ, കാൽ, കണ്ണ് എന്നിവ നഷ്ടപ്പെട്ടവരാണ് പരിക്കേറ്റവരില്‍ ഏറെയും. 358 വീടുകൾക്കു കേടുപാടുണ്ടായി. 2.58 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു അത്.

പുറ്റിങ്ങല്‍ കേരളത്തിലെ വെടിക്കെട്ടപകടങ്ങള്‍ക്കിടയിലെ ഒരു ഓര്‍മ്മപെടുത്തല്‍ മാത്രമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ വെടിക്കെട്ടപകടങ്ങളില്‍ രണ്ടാമത്തേത് 1990ൽ കൊല്ലം മലനടയിൽ ദുര്യോധന ക്ഷേത്രോത്സത്തിനിടെ വെടിക്കെട്ട് ശാലയ്ക്ക് തീപിടിച്ചുണ്ടായ ദുരന്തമാണ്. അന്ന് 33 പേരാണ് മരിച്ചത്. തൃശൂർ പൂരത്തിനും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 

രണ്ടു പതിറ്റാണ്ട് മുന്‍പ് തൃശൂരും

ഇരുപത് വര്‍ഷം മുന്‍പ് 2006 ലെ പൂരത്തിന് മുമ്പ് തൃശ്ശൂരിനടുത്ത് പുതുക്കാട് പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൂരത്തിന് മുന്നോടിയായി നടക്കുന്ന സാമ്പിൾ വെടിക്കെട്ടിനുള്ള അവസാന ഒരുക്കങ്ങളിലായിരുന്നു തൊഴിലാളികള്‍. അപകടത്തെത്തുടർന്ന് ആ വര്‍ഷം തൃശൂര്‍ പൂരം സാമ്പിൾ വെടിക്കെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. എന്തിനേറെ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്കശാലയില്‍ സ്ഫോടനമുണ്ടായത്. മരിച്ചവരുടെ എണ്ണം 25. ഇതിൽ 16 സ്ത്രീകള്‍ മൂന്ന് പുരുഷന്മാരും. 

ഇന്നുണ്ടായ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരണസംഖ്യ ഇതിനകം 13 ആയി ഉയർന്നിട്ടുണ്ട്. തൃശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കിയിരുന്ന നിർമ്മാണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. കരാറുകാരൻ മുണ്ടത്തിക്കോട് സതീശൻ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട 13 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരവുമാണ്.

കൊല്ലപ്പെട്ടവരിൽ ഏഴുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് നിലവിൽ തിരിച്ചറിയാൻ സാധിക്കുന്ന അവസ്ഥയിലുള്ളതെന്ന് അപകടത്തിന്‍റെ ഭീകരാവസ്ഥ എത്രത്തോളമാണ് എന്നതിന് ഉദാഹരണമാണ്. പരുക്കേറ്റവരിൽ പലർക്കും 70 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റിട്ടുണ്ട്. ശരീരഭാഗങ്ങൾ ദൂരേക്ക് ചിതറിത്തെറിച്ച നിലയിലായതിനാൽ മൃതദേഹങ്ങൾ ശേഖരിക്കാനും ഏറെ പ്രയാസപ്പെട്ടു.

പരവൂര്‍ പുറ്റിങ്ങൽ വെടിക്കെട്ടപകടം ഒരു വലിയ പാഠമായിരുന്നു. ആ വെടിക്കെട്ടപകത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷികളുമായി നിരവധി പേര്‍ ഇപ്പോഴും കൊല്ലം ജില്ലയിലുണ്ട്. ആ ദുരന്തത്തിനു ശേഷം പിന്നെ പുറ്റിങ്ങലിൽ പിന്നീട് വെടിക്കെട്ടു നടന്നിട്ടില്ല! പക്ഷേ കേരളത്തിന്‍റെ വെടിക്കെട്ട് പ്രേമത്തിന് കുറവും വന്നിട്ടില്ല. എന്നാല്‍ അവിടെ പുലര്‍ത്തേണ്ട ജാഗ്രതയും സൂക്ഷമതയും നമുക്ക് കൈമോശം വന്നിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു, ഈ വൈകിയ വേളയിലും. 

ENGLISH SUMMARY:

The death toll in the Mundathikkode fireworks explosion has climbed to 13, including severe injuries to contractor Satheeshan. This tragic incident, occurring during Thrissur Pooram preparations, brings back haunting memories of the 2016 Puttingal temple disaster that claimed 110 lives. Seven bodies from the current blast remain unidentified due to the intensity of the explosion. Five others are in critical condition at the Government Medical College. With the 10th anniversary of the Puttingal tragedy having just passed, this event raises serious questions about safety protocols in Kerala's fireworks manufacturing units. Local authorities are struggling to recover scattered remains from the site, emphasizing the sheer scale of the disaster.