സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഇന്ന് സപ്തതി. ആഘോഷങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങുകള്‍ മാത്രമാണ് എഴുപതാം പിറന്നാളില്‍ സഭാ ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ളത്. മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ് രണ്ടു വര്‍ഷം തികഞ്ഞതിന് പിന്നാലെയാണ് മാര്‍ റാഫേല്‍ തട്ടില്‍ സപ്തതിയിലേക്ക് കടക്കുന്നത്.
പുഞ്ചിരി തൂകുന്ന മുഖത്തോടെ സിറോ മലബാര്‍ സഭയെ നയിക്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ സപ്തതിയിലേക്ക് കടക്കുകയാണ്. 1980 ഡിസംബര്‍ 21ന് ഇരുപത്തിനാലാമത്തെ വയസില്‍ പൗരോഹിത്യം സ്വീകരിച്ച് ആരംഭിച്ച സഭാ ശുശ്രൂഷ 70 വയസിലേക്ക് എത്തുമ്പോള്‍ സഭയുടെ ഏറ്റവും ഉന്നതമായ പദവിയില്‍ തുടരുകയാണ്.
1956 ഏപ്രില്‍ 21ന് തൃശൂര്‍ പുത്തന്‍പള്ളി തട്ടില്‍ കുടുംബത്തിലെ ഔസേപ്പ്–ത്രേസ്യ ദമ്പതികളുടെ പത്തുമക്കളില്‍ ഇളയവനായാണ് റാഫേല്‍ തട്ടിലിന്‍റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം വൈദികനാകാന്‍ ഉറച്ച് സെമിനാരിയിലേക്ക്.
നീണ്ട മുപ്പത് വര്‍ഷം തൃശൂര്‍ അതിരൂപതയില്‍ വൈദികനായി സേവനം. ഇതിനിടിയില്‍ സെമിനാരി റെക്ടര്‍ , അതിരൂപത വികാരി ജനറാള്‍ മതബോധന ഡയറക്ടര്‍ തുടങ്ങിയ വിവിധ ചുമതലകള്‍ വഹിച്ചു.
അന്‍പത്തിനാലമത്തെ വയസിലാണ് വൈദികനില്‍ നിന്ന് മേല്‍പ്പട്ടക്കാരനായി റാഫേല്‍ തട്ടില്‍ ഉയര്‍ത്തപ്പെടുന്നത് . 2010 ഏപ്രില്‍ പത്തിന് തൃശൂര്‍ അതിരൂപതയുടെ സഹായമെത്രനായി ചുമതലയേറ്റു. 2017ല്‍ 61 -ാം വയസില്‍ ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രനായി നിയമതിനായി. ഏഴു വര്‍ഷം ഷംഷാബാദ് രൂപതയെ നയിച്ചശേഷമാണ് ബിഷപ്പ് റാഫേല്‍ തട്ടിലിനെ തേടി 2024ല്‍ വലിയ നിയോഗം എത്തുന്നത്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സിറോ മലബാര്‍ സഭയെ നയിക്കാന്‍ സിനഡ് റാഫേല്‍ തട്ടില്‍ എന്ന ഒറ്റപേരിലേക്ക് എത്തുകയായിരുന്നു. 2024 ജനുവരി 11ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതിയോടെ 68 മത് വയസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം ഉള്‍പ്പെടെ രൂക്ഷമായി നിന്ന ഘട്ടത്തില്‍ സഭ തലപ്പത്തേക്ക് എത്തിയ മാര്‍ റാഫേല്‍ തട്ടിലിന് സമവായത്തിന്‍റെ അന്തീരിക്ഷം ഉണ്ടാക്കനായി. സഭാ ഭരണത്തില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ എഴുപതിന്‍റെ നിറവിലേക്ക് എത്തുന്നത്.