സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങള്‍ക്ക് താല്‍ക്കാലിക തിരിച്ചടി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍റെ അനുമതി വൈകുന്നതാണ് കാരണം. അതേസമയം കഴിഞ്ഞദിവസം വൈദ്യുതി ഉപയോഗം കുറഞ്ഞത് ബോര്‍ഡിന് നേരിയ ആശ്വാസമായി.
കഴിഞ്ഞമാസം ആദ്യം തന്നെ പ്രതിദിന വൈദ്യതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റ് മറികടന്നതോടെയാണ് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബി ശ്രമം തുടങ്ങിയത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കൂടുതല്‍ വൈദ്യുതി ലഭ്യമാകാത്തതിനാല്‍ ദീർഘകാല കരാറില്‍ ഏർപ്പെടാൻ അനുമതിക്കായി ഈ മാസം എട്ടിന് റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. 22 ന് നിശ്ചയിച്ചിരുന്ന പൊതുതെളിവെടുപ്പ് കമ്മിഷന്‍ 24 ലേക്ക് നീട്ടി
മുന്‍ദിവസങ്ങളില്‍ 117.15 ദശലക്ഷം യൂണിറ്റ് വരെ എത്തിയ വൈദ്യുതി ഉപഭോഗം 19 ന് 106.03 ദശലക്ഷം യൂണിറ്റായി കുറയ്ക്കാന്‍ കഴിഞ്ഞതാണ് ബോര്‍ഡിന് ആശ്വാസമായത്. പുറത്ത് നിന്നും വാങ്ങുന്ന വൈദ്യുതിയിലും കുറവ് വന്നു. ഈ മാസം 16 മുതല്‍ പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണ് വന്നത്. വരുംദിവസങ്ങളില്‍ 400 മെഗാവാട്ട് വരെ കുറയാനും സാധ്യതയുണ്ട്. ദീര്‍ഘകാല കരാറിന് അനുമതി വൈകുന്നതിനാല്‍ ലോഡ്ഷെഡിങ് ആശങ്ക ഒഴിയുന്നില്ല.