വയനാട് ടൗണ്‍ഷിപ്പ് കെട്ടിടത്തിലെ വിള്ളല്‍ പരിശോധനയില്‍ വിശദീകരണവുമായി മന്ത്രി കെ.രാജന്‍. വിള്ളല്‍ പരിശോധിച്ചത് നേരിട്ട് ബോധ്യപ്പെടാനാണ്. ജനങ്ങള്‍ക്കുവേണ്ടി ഏത് പൊക്കത്തിലും കയറും. കൂലിപ്പണിക്കാരനെന്ന ഉപമയില്‍ സന്തോഷം, അതില്‍ ആത്മാഭിമാനം കൂടുന്നു. മുതലാളി രാജൻ എന്ന് പേര് കേട്ടില്ലല്ലോ എന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
മന്ത്രി എങ്ങനെയാണ് എഞ്ചിനീയർ ആവുക എന്ന് പലരും ചോദിക്കുന്നു. അതിന് ഇപ്പോൾ അഭിപ്രായം പറയുന്നില്ല. താഴെനിന്ന് മേലോട്ട് നോക്കി വിള്ളൽ അല്ല എന്ന് പറയുന്നതല്ല എന്റെ രീതി . ചുരൽമലക്കാർക്ക് ഞാൻ മന്ത്രി മാത്രമല്ല, വീട്ടുകാരനാണ് . ഞാൻ മേശപ്പുറത്ത് കയറിയത് തെറ്റാണെന്ന് പറയുന്നവരുണ്ട്. നാടിന്റെ അഭിമാനം കാക്കാൻ ഇതിലും പൊക്കത്തിൽ കയറും. ദന്തഗോപുരത്തിൽ ഇരുന്നല്ല ഇതുവരെ ഒന്നും ചെയ്തത്. വീട്ടുടമ നൗഫലിനെ സൈബർ ഇടത്തിൽ ആക്രമിക്കരുത്. ദുരന്തബാധിതന്റെ വാക്കുകൾ അങ്ങനെ ആകാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
Also Read: വയനാട് ടൗൺഷിപ്പിലെ വീടിന് വിള്ളൽ; നേരിട്ടെത്തി ഉരച്ചുനോക്കി മന്ത്രി രാജൻ
സർക്കാർ ടൗൺഷിപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന വീടുകളിൽ വിള്ളൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. വെള്ളം കിനിഞ്ഞ് വന്ന പാടാണത്. താമസം തുടങ്ങിയ ശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടി വരുമെന്നും മന്ത്രി കെ രാജൻ രണ്ടു ദിവസം മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞു
ആദ്യം കൈമാറാന്‍ ഉദ്ദേശിക്കുന്ന 178 വീടുകളില്‍ എട്ട്, ഒന്‍പത് നമ്പര്‍ വീടുകളുടെ മേല്‍ക്കൂരയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതിന്റ ഗുണഭോക്താക്കള്‍ തന്നെ കരാര്‍ കമ്പനിയായ ഊരാളുങ്കലിന് പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് കമ്പനി അധികൃതര്‍ സ്ഥലത്തെത്തി വീടുകളില്‍ പരിശോധന നടത്തിയത്. വിള്ളൽ കണ്ടെത്തിയ വീട് റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചിരുന്നു. ഒരു വീടും ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല പട്ടയം മാത്രമാണ് കൊടുത്തത്. വീട് കൈമാറിയതിന് ശേഷവും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരുടെ ധനസഹായം മുടങ്ങിയത് സാമ്പത്തിക വർഷം മാറുന്നതിന്റെ സാങ്കേതിക പ്രശ്നം മാത്രം, ഉടൻ തന്നെ പണം നൽകുമെന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.