k-rajan-04

വയനാട്ടിൽ ദുരിതബാധിതർക്കായി നിർമിച്ച വീടുകളിൽ വിള്ളലുണ്ടെന്ന വാർത്തകൾക്ക് പിന്നാലെ റവന്യൂ മന്ത്രി കെ.രാജന്‍ നേരിട്ടെത്തി പരിശോധന നടത്തി. വയനാട് സർക്കാർ ടൗൺഷിപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന വീടുകളിൽ വിള്ളൽ ഉണ്ടായിട്ടില്ലെന്നും വെള്ളം കിനിഞ്ഞ് വന്ന പാടാണെന്നും മന്ത്രി കെ.രാജൻ. വിള്ളൽ രേഖപ്പെടുത്തിയ ഭാഗങ്ങളിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തുകയും ചെയ്തു. ഒരു വീടും ദുരന്തബാധിതർക്ക് കൈമാറിയിട്ടില്ല, പട്ടയം മാത്രമാണ് കൊടുത്തത്. താമസം തുടങ്ങിയ ശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടി വരുമെന്നും മന്ത്രി കെ രാജൻ വിള്ളൽ വീണ വീടുകൾ സന്ദർശിച്ച ശേഷം പറഞ്ഞു. 

 

വെള്ളം കിനിയുന്നില്ലെന്ന് ഉറപ്പുവരുത്തി വാട്ടർ പ്രൂഫിങ് അടക്കമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയ ശേഷമേ ആളുകളെ താമസിപ്പിക്കുകയുള്ളൂ. വീടുകളുടെ നിർമാണവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇത് ദുരിതബാധിതരെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി അഭ്യർഥിച്ചു. ആദ്യഘട്ടത്തിൽ നിർമിച്ച നൂറ്റി എഴുപത്തെട്ട് വീടുകളിൽ രണ്ട് വീടുകളിലാണ് ചോർച്ച കണ്ടെത്തിയത്. 

 

ഗുണഭോക്താക്കൾ പരാതി നൽകിയതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീടുകളുടെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. ചോർച്ചയുള്ള ഭാഗങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തി പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.

ENGLISH SUMMARY:

Kerala Revenue Minister K. Rajan conducted an on-site inspection in Wayanad following reports of cracks in houses built for disaster-affected families. He clarified that the marks seen were due to water seepage and not structural damage. The minister personally examined the houses and assured that no homes would be handed over without completing waterproofing and safety checks. Only land titles have been issued so far, and occupancy will begin after ensuring quality standards. Authorities confirmed that only two houses showed minor leakage among 178 constructed in the first phase. The government has promised corrective measures and detailed inspections to address all concerns. The minister also urged the public to avoid unnecessary controversies that could affect the morale of beneficiaries awaiting rehabilitation.