വിനോദസഞ്ചാര കേന്ദ്രമായി മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി നിർമിക്കുന്ന സർക്കാർ ടൗൺഷിപ്പ്. യാതൊരുവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. 

 

മാർച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം സ്ഥലത്ത് തിരക്കോട് തിരക്കാണ്. ടൂറിസ്റ്റ് ബസ്സുകളിലും ട്രാവലറുകളിലും ആയി നിരവധി പേരാണ് ടൗൺഷിപ്പ് കാണാൻ എത്തുന്നത്. ടൗൺഷിപ്പിന്റെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് ഓർക്കണം. 

 

നിർമാണം നടക്കുന്ന സ്ഥലങ്ങളിലൂടെ പൊതുജനങ്ങൾ വാഹനങ്ങളുമായി എത്തുന്നത് പലതവണ അധികൃതരോട് ചൂണ്ടിക്കാട്ടിയെങ്കിലും ആരും നടപടിയെടുക്കാന്‍ തയാറായില്ല. നിർമാണ മേഖലയിലൂടെ യാത്ര ചെയ്ത് എന്തെങ്കിലും അപകടം ഉണ്ടായാൽ ആര് ഉത്തരം പറയും എന്ന ചോദ്യത്തിനും കേട്ട ഭാവം നടിച്ചിട്ടില്ല. 

 

മാതൃകാ വീട് പണിതുകൊണ്ടിരുന്ന സമയത്ത് പേര് എഴുതി ഒപ്പിട്ടു മാത്രമായിരുന്നു മാധ്യമങ്ങളെ വരെ പ്രവേശിപ്പിച്ചിരുന്നത്. സുരക്ഷാ മുൻകരുതലകളും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആർക്കും അകത്തു കടക്കാം. നിർമാണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന 178 വീടുകളിൽ മാത്രമല്ല പണികൾ ഊർജിതമായി പുരോഗമിക്കുന്ന മറ്റു വീടുകള്‍ കാണാനും നിരവധി പേരാണ് എത്തുന്നത്. ഒരു അപകടത്തിനായി കാത്തുനിൽക്കാതെ, അടിയന്തരമായി മുൻകരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്. 

Government Township in Mundakai: Public Rush and Risk:

Mundakai Chural Mala is becoming a popular tourist destination, attracting large crowds despite ongoing construction of a government township for disaster victims. Authorities need to implement safety measures immediately to prevent potential accidents.