kseb-load-shedding

സംസ്ഥാനം ലോഡ്ഷെഡിങിന്‍റെ തൊട്ടരികില്‍. ഇപ്പോള്‍ത്തന്നെ പലപ്രദേശങ്ങളിലും അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് സ്ഥിരം സംവിധാനമാകും. രാത്രികാല വൈദ്യുതി ഉപയോഗം സ്വയംനിയന്ത്രിക്കുക മാത്രമാണ് പോംവഴി.

വൈദ്യുതി ഉപയോഗത്തില്‍ ഓരോദിവസവും പുതിയ റെക്കോര്‍ഡ് കുറിക്കുകയാണ്. ഓരോദിവസവും വൈദ്യുതി ആവശ്യകത ശരാശി 50മെഗാവാട്ട് വീതം കൂടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നിരുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ട് കുറയുകയും ചെയ്തു.രാത്രികാല വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക മാത്രമാണ് പോംവഴി. 

രാത്രി ആറുമുതല്‍ പത്തുവരെ ഇന്‍ഡക്ഷന്‍ അടുപ്പുകള്‍‍, വാഷിങ് മെഷീന്‍, അയണ്‍ ബോക്സ്, മിക്സര്‍ ഗ്രൈന്‍ഡര്‍, വാട്ടര്‍ പമ്പ് തുടങ്ങിയ കൂടുതല്‍ വൈദ്യുതി ആവശ്യമായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക. ആവശ്യമില്ലാതെ കത്തുന്ന ലൈറ്റുകളും ആളില്ലാമുറിലെ എസിയും ഫാനും ഓഫാക്കുക .ഇതൊക്കെ മനസിരുത്തി ചെയ്യുക. അല്ലെങ്കില്‍ അരമണിക്കൂറോ അതില്‍ക്കൂടുതലോ ഇരുട്ടുംചൂടും സഹിക്കേണ്ടിവരും.ഇപ്പോള്‍ത്തന്നെ പതിനഞ്ചുമിനിറ്റും അരമണിക്കൂറും വൈദ്യുതി പോകുന്നത് ഇനി മുന്‍കൂട്ടി സമയം അറിയിച്ചുകൊണ്ടായിരിക്കും എന്നു മാത്രം.

പവര്‍ എക്സേഞ്ചില്‍ നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ സാങ്കേതിക ബുദ്ധമുട്ട് ഉള്ളതിനാല്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടേണ്ടിവരും. ഇതിനായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍റെ അനുമതി തേടി. വൈദ്യുതി ബോര്‍ഡിന്‍റെ അപേക്ഷയില്‍ റഗുലേറ്ററി കമ്മിഷന്‍ 22 ന് തെളിവെടുക്കും.

ENGLISH SUMMARY:

Load shedding in Kerala is imminent, with unannounced power cuts becoming a norm in many areas. The only solution is to self-regulate nighttime electricity consumption to mitigate the growing demand and reduced supply.