എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
പാലക്കാട് ജില്ലയില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. ജില്ലയിലെ സ്കൂളുകൾ, പ്രൊഫഷണൽ/ടെക്നിക്കൽ ഉൾപ്പെടെയുള്ള കോളജുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങി എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ നാളെ (ഏപ്രിൽ 20) മുതൽ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും കലക്ടര്‍ നിര്‍ദേശം പങ്കുവച്ചിരിക്കുണ്ട്.
നിലവില്‍ ജില്ലയിലെ താപനില 40.1° സെല്‍സ്യസ് ആണ്. അതേസമയം, അനുഭവഭേദ്യമായ ചൂട് 45° സെല്‍സ്യസ് വരെയാണ്. ഉയർന്ന അള്‍ട്രാ വയലറ്റ് (യുവി) ഇന്‍ഡക്സ്, സൂര്യാതപം, സൂര്യാഘാതം, ഡീഹൈഡ്രേഷൻ എന്നിവയ്ക്ക് സാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ ക്ലാസ് മുറികളിലെ താപനില, വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. താപനില 37° സെല്‍സ്യസോ അതിൽ താഴെയോ രണ്ട് തുടർച്ചയായ ദിവസങ്ങൾ രേഖപ്പെടുത്തിയാൽ മാത്രമേ ഉത്തരവ് പിൻവലിക്കയുള്ളൂ എന്നും കലക്ടര്‍ അറിയിച്ചു.
ALSO READ: വേനല്‍ച്ചൂടില്‍ വിയര്‍ത്തു കുളിച്ചോ? ആശ്വാസ വാര്‍ത്ത ഇതാ; മഴ മുന്നറിയിപ്പ് വന്നു!
വിദ്യഭ്യാസ സ്ഥാപനങ്ങൾ 24 മണിക്കൂറിനകം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനും നിർദേശമുണ്ട്. ഗൂഗിള്‍ ക്ലാസ് റൂം, മൈക്രോസോഫ്റ്റ് ടീംസ്, സൂം തുടങ്ങിയ യൂണിവേഴ്സിറ്റി/ ബോർഡുകൾ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകൾ, പരീക്ഷകൾ എന്നിവ ഉൾപ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഓണ്‍ലൈനിലൂടെ മാത്രം ക്ലാസുകളും ഹാജറും തുടരണമെന്നും അതുവഴി ഒരു വിദ്യാർഥിക്കും അക്കാദമിക് തലത്തിൽ നഷ്ടങ്ങൾ ഉണ്ടാകരുതെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, ഇതിനകം നിശ്ചയിച്ച പരീക്ഷകളും പ്രാക്ടിക്കൽ ക്ലാസുകളും മിതമായ താപനിലയിൽ, കുടിവെള്ളം, ഒആര്‍എസ് ലായനി എന്നിവ ഉറപ്പാക്കി കൊണ്ട് നടത്താമെന്നും നിര്‍ദേശമുണ്ട്. ഒഴിച്ചുകൂടാൻ പറ്റാത്തതും ഓൺലൈനായി സാധ്യമാകാത്തതുമായ ലബോറട്ടറി, ക്ലിനിക്കൽ, പ്രാക്ടിക്കൽ പരീക്ഷകൾ ചെറിയ ബാച്ചുകളായി രണ്ട് മണിക്കൂറിൽ കൂടാത്ത സമയ പരിധിക്കുള്ളിൽ മതിയായ വെന്റിലേഷനോടെയും മിതമായ താപനിലയും ഉറപ്പാക്കി കൊണ്ട് നടത്താവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
മാത്രമല്ല, രാവിലെ 10 മുതൽ വൈകീട്ട് 4 വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മതിയായ അളവിൽ വെള്ളം കുടിക്കണം. ഹോസ്റ്റലുകളിലും റെസിഡൻഷ്യൽ സ്ഥാപനങ്ങളിലും ആവശ്യമായ ശുദ്ധജല ലഭ്യത, ശീതീകരണ സംവിധാനങ്ങൾ, മെഡിക്കൽ സഹായം എന്നിവ ഉറപ്പാക്കണമെന്നും കലക്ടര്‍ അറിയിച്ചു. ഉത്തരവിന്‍റെ ലംഘനം ശ്രദ്ധയിൽപ്പെടുകയാണെങ്കില്‍ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻ സെൻറർ ഹെൽപ്പ് ലൈൻ നമ്പറായ 1077 എന്നതിൽ ബന്ധപ്പെടാവുന്നതാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കുന്നു.