കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗര്‍ഭിണിയാണെന്നും ഉടന്‍ പൊലീസിന് മുന്നിൽ നേരിട്ട് ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ്. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ട് ഹാജരാകണമെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാൻ കഴിയില്ലെന്നും ഭർത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്.ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ നേരത്തെ തടഞ്ഞിരുന്നു.
മാർച്ച് 11 നാണ് പെൺകുട്ടി തമ്പാനൂർ പൊലീസിൽ എത്തുന്നത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു വെന്നായിരുന്നു വാക്കാൽ പറഞ്ഞ പരാതി. തനിക്ക് കാമുകനൊപ്പം പോകണമെന്നും പെൺകുട്ടി പറഞ്ഞു. 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെയാണ് പെൺകുട്ടിയുടെ താല്‍പര്യപ്രകാരം വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് ഹാജരാക്കിയത് വ്യാജരേഖകളല്ലെന്നും വിവാഹം റജിസ്റ്റര്‍ ചെയ്ത പഞ്ചായത്തിന്‍റെയും അനുമതി കൊടുത്ത പൊലീസിന്‍റെയും നടപടികളില്‍ വീഴ്ചയില്ലെന്നുമാണ്കേരള പൊലീസ് പറയുന്നത്.
അതിനിടെ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായെന്ന് വ്യക്തമാക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ വിവാഹശേഷം റദ്ദാക്കിയതില്‍ ദുരൂഹത ഉണ്ടായിരുന്നു. 2025 ജൂണ്‍ 6നാണ് പെണ്‍കുട്ടിക്ക് മധ്യപ്രദേശിലെ പഞ്ചായത്ത് വകുപ്പ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അതുനസരിച്ച് 2008 ജനുവരി 1 ആണ് ജനനതീയതി. അങ്ങിനെ വരുമ്പോള്‍ കല്യാണം നടന്ന മാര്‍ച്ച് 11ന് പതിനെട്ട് വയസും രണ്ട് മാസവും 11 ദിവസും പൂര്‍ത്തിയായിട്ടുണ്ട്.
ഈ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പെണ്‍കുട്ടി ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നേടിയത്. മധ്യപ്രദേശില്‍ വോട്ടവകാശവും ലഭിച്ചു. ഇതിലെല്ലാം പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടുണ്ട്. അതേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ കല്യാണം റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കല്യാണം വിവാദമായതിന് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും കല്യാണത്തിന് പ്രായമായില്ലെന്ന് പറഞ്ഞ് വിവാഹം കഴിച്ചയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തത്.