കോട്ടയം കടുത്തുരുത്തിയില്‍ യുവതി വീട്ടില്‍ പ്രസവിച്ചു. രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കുഞ്ഞെവിടെയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കാതായതോടെ ആശുപത്രി അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി. മേശയ്ക്കു മുകളില്‍ തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചതായി അധികൃതര്‍ കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക (36)യാണ് വീട്ടിൽ പ്രസവിച്ചത്. നാലു മക്കളുള്ള ഇവരുടെ രണ്ട് വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട അനീഷിന്റെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് കാര്‍ത്തികയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ എത്തിച്ചു. വീട്ടിൽ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. കടുത്തുരുത്തി എസ്എച്ച്ഒ ഡി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി അനീഷിന്റെ മൊഴിയെടുത്തു.
കാർത്തിക ഗർഭിണിയാണെന്ന കാര്യം മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി അയൽവാസികൾ മൊഴി നൽകി. കാർത്തികയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നവജാതശിശുവിന്റെ മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.