ചെങ്ങന്നൂർ പുലിയൂരിൽ വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് ശവക്കല്ലറ തുറന്ന് പോസ്റ്റ്മോർട്ടം നടത്താൻ ആർഡിഒ ഉത്തരവിട്ടു. പുലിയൂർ സ്വദേശിയായ യേശുദാസിന്റെ മരണത്തിലാണ് മകളും മരുമകളും പരാതിയുമായി അധികൃതരെ സമീപിച്ചത്.
കഴിഞ്ഞ മാർച്ച് ഇരുപത്തിനാലാം തീയതി പുലിയൂർ ഓർത്തഡോക്സ് പള്ളിയിലായിരുന്നു ഇദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ഹോം നേഴ്സ് വീട്ടിൽ വെച്ച് നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെ യേശുദാസ് ബോധരഹിതനാവുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്.
ഇതിന് പുറമെ, യേശുദാസിനെ ആ സമയത്ത് പരിചരിച്ചിരുന്ന സഹോദരൻ ഗബ്രിയേൽ മാമൻ സ്വത്തുക്കൾ അനധികൃതമായി സ്വന്തമാക്കിയെന്നും മകൾ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി ആസൂത്രിതമായി കൊലപ്പെടുത്തിയതാണോ എന്ന സംശയമാണ് നിലനിൽക്കുന്നത്.
ഈ സാഹചര്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനകൾ നടത്താൻ ആർഡിഒ കോടതി നിർദേശം നൽകിയത്. മറ്റന്നാൾ തന്നെ ശവക്കല്ലറ തുറന്ന് പരിശോധനകൾ പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹതകൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.