ഹൃദയം മാറ്റിവച്ച പത്തുവയസുകാരി സുമനസുകളുടെ സഹായം തേടുന്നു. കൊല്ലം സ്വദേശി അശ്വതിയുടെ മകള്‍ ദിയയാണ് തുടര്‍ ചികില്‍സയ്ക്കും ജീവിതം മുമ്പോട്ട് കൊണ്ടുപോകാനും സഹായം ചോദിക്കുന്നത്. 36 വയകാരന്‍റെ ഹൃദയമാണ് ഫെബ്രുവരി മുതല്‍ ദിയയില്‍ തുടിക്കുന്നത്.
തുളളിക്കളിക്കുന്നൊരു കുഞ്ഞിപ്പുഴുവായിരുന്നു കുറച്ചുനാള്‍ മുമ്പുവരെ ദിയ. ഇരട്ടസഹോദരി ദിവ്യയോടും കുഞ്ഞനുജത്തി ദയയോടുമൊപ്പം സന്തോഷത്തോടെ ജീവിച്ച കുരുന്ന്. അച്ഛനില്ലാത്ത മൂന്ന് കുഞ്ഞുങ്ങളും അമ്മ അശ്വതിയുടെ ചിറകിനടിയില്‍ സുരക്ഷിതരായിരുന്നു, ദിയയുടെ ഹൃദയം പണിമുടക്കുന്നതുവരെ. ഗുരുതര ഹൃദ്രോഗം ബാധിച്ച് മരണത്തോട് മല്ലിട്ട കുഞ്ഞിന് കഴിഞ്ഞ ഫെബ്രുവരി 25 ന് ഹൃദയം മാറ്റിവച്ചു. ഡിസ്ചാര്‍ജായി വീട്ടിലെത്തി. അടുത്ത ചെക്കപ്പിനു പോകുമ്പോള്‍ അവളുടെ ഡോക്ടര്‍ സൗമ്യ രമണന് കൊടുക്കാനായി മനോഹരമായൊരു ചിത്രം വരയ്ക്കുന്നതിന്‍റെ തിരക്കിലായിരുന്നു ഞങ്ങള്‍ കാണുമ്പോള്‍ ദിയ. മനോഹരമായി വരയ്ക്കും ..നന്നായി പാടും,....
സ്വന്തമായി ഒരു വീടുപോലുമില്ല, ദിയയ്ക്ക് പതിനായിരങ്ങളുടെ മരുന്ന് വേണം, അതും ജീവിതകാലം മുഴുവന്‍. ജീവിതം അശ്വതിക്ക് മുമ്പില്‍ വലിയൊരു ചോദ്യചിഹ്നമാണ്. കരുണയുളളവര്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.