വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച 9 മലയാളികളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കള്‍ എത്തിയ ശേഷം പൊള്ളാച്ചി താലൂക്ക് ആശുപത്രിയില്‍ രാത്രി 12 മണിക്ക് ശേഷമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങിയത്. പുലര്‍ച്ചെ 3.45 ഓടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്ത പള്ളിയില്‍ മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ഒന്‍പത് ആംബുലന്‍സുകള്‍ പാലക്കാട് പൊലീസിന്‍റെ അകമ്പടിയോടെയാണ് മലപ്പുറത്തേക്ക് യാത്ര തിരിച്ചത്. നാട്ടിലെത്തിക്കുന്ന മൃതദേഹം പാങ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
ഇന്നലെ വാല്‍പ്പാറ ഹെയര്‍പിന്‍ പതിമൂന്നാം വളവില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞ് ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മരിച്ചത്. വിനോദയാത്രയ്ക്ക് പോയി മടങ്ങുംവഴിയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ് ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പരുക്കേറ്റ് പതിനൊന്ന് വയസുകാരി മസീനെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി.
പതിമൂന്നാം വളവിൽ നിയന്ത്രണം വിട്ട ട്രാവലര്‍ സംരക്ഷണ ഭിത്തി തകർത്ത് ഒന്‍പതാം വളവിലേക്ക് മറിയുകയായിരുന്നു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള KL 11 AM 7288 ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്താണ് വാഹനം ഓടിച്ചത്. ഡ്രൈവറടക്കം നാലു പേർ ചികിത്സയിലാണ്. അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറവഴിയാണ് സംഘം വാൽപ്പാറയിൽ എത്തിയത്. അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.