വാല്‍പ്പാറ ചുരത്തില്‍ വാഹനാപകടത്തില്‍ മരിച്ച ഒ‌ന്‍പത് മലപ്പുറം സ്വദേശികള്‍ക്ക് യാത്രാമൊഴി ചൊല്ലി ഉറ്റവരും ഉടയവരും. പൊതുദര്‍ശനം നടന്ന മലപ്പുറം പാങ്ങ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട  ആറ് അധ്യാപകര്‍ക്കും ഒരു ജീവനക്കാരിക്കും ഒപ്പം ഉണ്ടായിരുന്ന കുരുന്നിനും അധ്യാപകന്റെ ഭാര്യയ്ക്കും കണ്ണീരോടെ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരുക്കേറ്റവർക്കും പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന്  മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

 

പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 9നാണ് മൃതദേഹങ്ങൾ പാങ്ങിൽ എത്തിച്ചത്. തമിഴ്നാട് സർക്കാരിൻറെ 9 ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ കൊണ്ടുവന്നത്. പൊതുദർശനം നടക്കുന്ന പാങ്ങ് ഗവൺമെൻറ് സ്കൂൾ മൈതാനത്തേക്ക് രാവിലെ ആറ് മുതൽ തന്നെ ജനക്കൂട്ടം ഒഴുകിയെത്തിയിരുന്നു. അവസാന യാത്രാമൊഴി നൽകാൻ എത്തിയവരെല്ലാം കരയുന്ന കാഴ്ചകളായിരുന്നു മൈതാനം നിറയെ.

 

പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമാണ് ആദ്യം പൊതുദർശനത്തിന് സൗകര്യമൊരുക്കിയത്. നഷ്ടപരിഹാരത്തുക  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈമാറുമെന്നും 5 അധ്യാപകരെ നഷ്‌ടമായ സ്കൂളിൽ പകരം അധ്യപകരെ ഉടൻ നിയമിക്കുമെന്നും പാങ്ങിൽ എത്തിയ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

 

പ്രധാന അധ്യാപിക അജിതയുടെ മൃതദേഹം ഷൊർണൂർ ശാന്തി തീരത്തും ആശയുടേത് തറവാട്ട് വളപ്പിലും സംസ്കരിക്കാനാണ് സംവിധാനമൊരുക്കിയത്. അധ്യാപകൻ അബ്ദുൽ മജീദിന്റെയും ഭാര്യ റുഖിയയുടെയും മൃതദേഹങ്ങൾ മൃതദേഹങ്ങൾ പാങ്ങ് മാട്ടാത്ത് ജുമാ മസ്ജിദിലും അധ്യാപകരായ റംല, ഷക്കീല , പാചക ജോലിക്കാരി സാജിത എന്നിവരുടേത് പാങ്ങ് വലിയ ജുമാ മസ്ജിദിലും അധ്യാപിക സുഹറയുടെയും 12 വയസ്സുകാരൻ മകൻ ഹിഷാമിന്റെയും മൃതദേഹങ്ങൾ ഈസ്റ്റ് പാങ്ങ് ജുമാ മസ്ജിദിലും കബറടക്കാരാനാണ് ക്രമീകരിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ , പി കെ കുഞ്ഞാലിക്കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, ഇ പി ജയരാജൻ തുടങ്ങി ഒട്ടേറെ നേതാക്കളും അന്തിമോപചാർപ്പിക്കാൻ എത്തിയിരുന്നു.

ENGLISH SUMMARY:

Thousands gathered in Malappuram to bid a tearful farewell to nine victims of the tragic Valparai accident. The deceased, including teachers, a child, and a staff member, were honored at a public viewing held at Pang Higher Secondary School. Emotional scenes unfolded as students, colleagues, and locals paid their last respects to their loved ones. Kerala Education Minister V. Sivankutty assured maximum compensation and announced steps to support the affected school. Funeral rites were conducted at multiple locations, with community members and political leaders joining to offer condolences. The tragedy has left an entire community grieving, highlighting the deep impact of the accident on families and the education sector.