valparai-accident-3

ആളിയാർ ചുരത്തിൽ ട്രാവലർ അപകടത്തിൽപ്പെട്ടതിന്റെ കാരണം ബ്രേയ്ക്കിനുണ്ടായ തകരാറെന്ന് തമിഴ്നാട് പൊലീസിന്റെ പ്രാഥമിക നിഗമനം. ചുരത്തിലെ ഇരുപത്തിയേഴ് വളവുകൾ ഇറങ്ങിയ ശേഷം ബ്രേയ്ക്ക് സംവിധാനം ചൂടായി തകരാറിലായിരിക്കാം എന്നാണ് കരുതുന്നത്. ഗിയറിൽ വണ്ടി നിർത്താനുള്ള ശ്രമവും പരാജയപ്പെട്ടു. കൽ ഭിത്തിയിൽ സ്ഥാപിച്ച ഇരുമ്പു തൂണുകൾ തകർത്ത് 800 അടി താഴ്ചയിലേയ്ക്ക് വണ്ടി വീണു. പാറയിടുക്കിൽ അഞ്ചു തവണ വണ്ടി കരണം മറിഞ്ഞു. ചിന്നഭിന്നമായ വാഹന അവശിഷ്ടങ്ങളാണ് റോഡിൽ പതിച്ചത്.

 

ചുരത്തിലെ പതിമൂന്നാം വളവിൽ നിന്നാണ് വാഹനം താഴേക്ക് പതിച്ചത്. പതിമൂന്നാം വളവിൽ നിന്ന് പത്താം വളവിനും ഒൻപതാം വളവിനും മധ്യേയുള്ള ഭാഗത്തേക്കാണ് വാഹനം എത്തിയത്. പൂർണ്ണമായും സംരക്ഷണഭിത്തി ഇവിടെ ഉണ്ടായിരുന്നില്ല. ചെറിയൊരു കൽഭിത്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫസ്റ്റ് ഗിയറിലും സെക്കൻഡ് ഗിയറിലുമൊക്കെ മാറ്റിയിട്ട് വാഹനം ഇറങ്ങിയ സമയത്തും നിയന്ത്രണം നഷ്ടപ്പെട്ട് നേരെ കോൺക്രീറ്റ് തൂണ് ഇടിച്ച് തകർപ്പിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. എണ്ണൂറടി താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണ്ണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന വളരെ കുറച്ച് ആളുകൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ബ്രേക്കിനുണ്ടായ തകരാർ തന്നെയാണ് ഇങ്ങനെയൊരു വലിയ അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.

 

അതേസമയം, വാല്‍പ്പാറ അപകടത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ട പരിഹാരം നല്‍കുമെന്ന്  വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. 5 അധ്യാപകരെ നഷ്ടമായ സ്കൂളില്‍ പകരം നിയമനം നടത്തുമെന്നും മന്ത്രി. മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാങ് സ്കൂളിലെത്തിയപ്പോഴായിരുന്നു പ്രതികരണം.

 

വാല്‍പ്പാറ  അപകടത്തില്‍ അതീവദുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍‌ കുറിച്ചു. 

 

 അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി എഐസിസി അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക്  നഷ്ടപരിഹാരവും പിന്തുണയും അധികാരികൾ ഉറപ്പാക്കണം എന്നും ഖർഗെ. 

ENGLISH SUMMARY:

Preliminary investigations by Tamil Nadu Police suggest that brake failure may have caused the tragic Valparai traveller accident in the Aliyar ghat section. The vehicle reportedly lost control after descending multiple hairpin bends and plunged nearly 800 feet into a gorge. The accident claimed several lives and left many injured, shocking the entire community. Officials believe overheating of the braking system led to the disaster, despite attempts to control the vehicle using gears. Kerala Education Minister V. Sivankutty has announced compensation and replacement of teachers lost in the tragedy, while Prime Minister Narendra Modi and AICC President Mallikarjun Kharge expressed condolences. The incident highlights the dangers of ghat roads and raises concerns about vehicle safety and maintenance.