vishnu-prakash-missing-kozhikode

കോഴിക്കോട് വടകരയില്‍ 25 വയസുകാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെയാണ് ആറുദിവസം മുമ്പ് കാണാതായത്. ലോണ്‍ ആപ്പില്‍ നിന്ന് വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

തിങ്കളാഴ്ച ബാങ്കിലേക്ക് എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിഷ്ണുപ്രകാശ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്ന് പതിനായിരം രൂപ വായ്പയെടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ നിരന്തരം ഭീഷണിയും വിഷ്ണുവിന്‍റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ലോണ്‍ ആപ്പ് സംഘം പ്രചരിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ലോണ്‍ ആപ്പിലേക്ക് പണം തിരിച്ചടയ്ക്കാനായി ബ്ലേഡ് മാഫിയയില്‍ നിന്ന് 70000 രൂപയും കടമെടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങി പലിശയും കൂട്ടുപലിശയുമായി 1,18,000 രൂപയായി. 

​ഡിസംബറിലാണ് വിഷ്ണു ലോണ്‍ ആപ്പില്‍ നിന്ന് പണം കടമെടുത്തത്. ഈ മാസം ഒമ്പതിന് വീട്ടില്‍ രണ്ടുപേരെത്തി വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. കാസര്‍കോടാണ് വിഷ്ണുവിന്‍റെ അവസാന ടവര്‍ ലോക്കേഷന്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 25-year-old youth from Ayanchery, Vadakara, has been reported missing for the past six days. Vishnu Prakash left home last Monday stating he was going to a bank but never returned. His family alleges that he was under immense pressure from a loan app gang over a ₹10,000 debt, which led to the circulation of morphed photos. To settle this, he reportedly borrowed ₹70,000 from a local 'blade' mafia, which has now ballooned to ₹1.18 lakh with interest. While his last mobile tower location was traced to Kasaragod, the police have launched an intensive search using CCTV footage. The family revealed that two individuals had visited their home and threatened Vishnu just days before his disappearance.