NDA MPs raise slogans during a protest amid rain, after the Constitution Amendment Bill to implement reservation for women in legislatures in 2029 and increase the number of seats of the Lok Sabha was defeated, during the Special session of Parliament,

ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യ സഖ്യത്തിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകി.  ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനങ്ങൾ നടത്തും. പ്രതിപക്ഷം സ്ത്രീവിരുദ്ധരാണ് എന്നും വനിത സംവരണത്തെ തടഞ്ഞു എന്നും ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടത്തുക. സമൂഹമാധ്യമങ്ങൾ വഴിയും പ്രതിപക്ഷത്തെ തുറന്നു കാട്ടാൻ ആണ് തീരുമാനം. 

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വിഷയം ശക്തമായി ഉന്നയിക്കും. ഇന്നലെ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ കറുത്തദിനം എന്നാണ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും വിശേഷിപ്പിച്ചത്. തമിഴ്നാട്, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2029 ലോക്സഭ തിരഞ്ഞെടുപ്പിലും ഈ പ്രചാരണം ഗുണം ചെയ്യും എന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതേ സമയം വനിത സംവരണത്തെ അല്ല മണ്ഡല പുനർ നിർണയത്തെ ആണ് എതിർത്തത് എന്ന് പ്രതിപക്ഷവും മറുവാദം ഉന്നയിക്കും. ലോക്‌സഭാ സീറ്റുകൾ പുനർവിഭജിക്കുന്നതിനുള്ള ഭരണഘടന (131-ാം ഭേദഗതി) ബില്ലിനായി വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 298 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ ബില്ലിനെ എതിര്‍ത്തു. വോടെട്ടുപ്പ് നടന്ന സമയത്ത് 528 പേരാണ് സഭയിലുണ്ടായിരുന്നത്. 

ലോക്സഭയില്‍ ഭരണഘടനാ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ–ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്ക്പോരുണ്ടായി. പ്രധാനമന്ത്രിയെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ മായാജാലക്കാരനോടാണ് ഉപമിച്ചത്. ഇതോടെ ഭരണപക്ഷം ഇളകി. പാര്‍ലമെന്‍ററി മര്യാദ രാഹുല്‍ പ്രിയങ്കയില്‍ നിന്ന് പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു.ആളുകളെ കബളിപ്പിച്ച മായാജാലക്കാരനെ പോലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മായാജാലക്കാരനും വ്യവസായിയും തമ്മിലുള്ള ബന്ധം കയ്യോടെ പിടിക്കപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇനി ജയിക്കാനാവില്ലെന്ന നിരാശയില്‍നിന്നാണ് വനിതാ സംവരണ ബില്‍ കൊണ്ടുവന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 

പരാമര്‍ശത്തിന് പിന്നാലെ ഭരണപക്ഷത്തുനിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു. രാജ്യത്തെ ജനങ്ങളെയും സൈന്യത്തെയുമാണ് രാഹുല്‍ അപമാനിച്ചതെന്നും മാപ്പു പറയണം എന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ അമിത് ഷാ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിര്‍ശിച്ചു. പാര്‍ലമെന്‍ററി മര്യാദകള്‍ രാഹുല്‍ ഗാന്ധിക്ക് അറിയില്ല. പാര്‍ലമെന്‍റ് കവാടത്തില്‍ ഇരുന്ന് ചായകുടിക്കുക, അംഗങ്ങള്‍ക്ക് ഫ്ലയിങ് കിസ് നല്‍കുക, സഭ നടക്കുമ്പോള്‍ വിദേശയാത്ര നടത്തുക തുടങ്ങിയ കാര്യങ്ങളാണ് രാഹുല്‍ ചെയ്യുന്നത്. സഭാ മര്യാദ മുതിര്‍ന്ന അംഗങ്ങളോട് ചോദിച്ച് മനസിലാക്കണം. പ്രിയങ്കാ ഗാന്ധിയോട് ചോദിച്ചാലും മതിയെന്ന് അമിത് ഷാ പറഞ്ഞു. 

ENGLISH SUMMARY:

BJP plans a nationwide campaign against the India Alliance following the defeat of the Constitutional Amendment Bill in Lok Sabha. This campaign will highlight the opposition's alleged anti-women stance and their obstruction of the Women's Reservation Bill, aiming to sway public opinion and gain electoral advantage.