1.അപകടത്തില്‍പ്പെട്ടവര്‍ യാത്രാമധ്യേ പകര്‍ത്തിയ ചിത്രം. 2. അപകടത്തില്‍ തകര്‍ന്ന വാഹനം.
വാൽപ്പാറ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. എട്ടുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതോടെ 9 മരണം സ്ഥിരീകരിച്ചു. ഏഴ് സ്ത്രീകൾക്കും ഒരു കുട്ടിക്കും ഒരു പുരുഷനുമാണ് ജീവൻ നഷ്ടമായത്. മലപ്പുറത്തുനിന്ന് വിനോദയാത്ര പോയ അധ്യാപകരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. പാങ്ങിലെ പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
പതിമൂന്നാം വളവിൽ നിയന്ത്രണം വിട്ട ട്രാവലര്‍ സംരക്ഷണ ഭിത്തി തകർത്ത് ഒന്‍പതാം വളവിലേക്ക് മറിയുകയായിരുന്നു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള KL 11 AM 7288 ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്താണ് വാഹനം ഓടിച്ചത്. ഡ്രൈവറടക്കം നാലു പേർ ചികിത്സയിലാണ്. അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറവഴിയാണ് സംഘം വാൽപ്പാറയിൽ എത്തിയത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ ഇട്ടിരുന്നു. ഏവരേയും കണ്ണീരണിയിക്കുന്നതാണ് ചിത്രങ്ങള്‍.
അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വിനോദസഞ്ചാരികൾ എത്തിയ ട്രാവലര്‍ പൂർണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വാല്‍പ്പാറയിലെ അപകടം ഏറെ ദുഃഖകരമെന്ന് മുഖ്യമന്ത്രി. പരുക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.