കണ്ണൂര്‍ ചെറുപുഴയില്‍ കര്‍ണാടക വനത്തോടു ചേര്‍ന്ന് ജീവന്‍ കൈയ്യില്‍ പിടിച്ച് അന്തിയുറങ്ങേണ്ട ഗതികേടില്‍ 91കാരനായ കുഞ്ഞിരാമന്‍. പുളിങ്ങോം പാലത്തിനടിയില്‍ താമസിയ്ക്കുന്ന വയോധികന് രാത്രിയായാല്‍ കാട്ടാനകള്‍ ഉപദ്രവിയ്ക്കുമെന്ന ആശങ്കയാണ്. അഞ്ച് വര്‍ഷം മുമ്പ് സര്‍ക്കാര്‍ വീട് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നിര്‍മാണം എങ്ങുമെത്താത്തതാണ് തിരിച്ചടിയായത്.

പുളിങ്ങോം പാലത്തിനടിയില്‍ അന്തിയുറക്കമെന്ന് പേരുമാത്രമേയൊള്ളൂ.. ഓരോ രാത്രിയും തള്ളി നീക്കുന്നത് ആശങ്കയോടെയാണ്. കര്‍ണാടക വനത്തില്‍ നിന്നിറങ്ങുന്ന കാട്ടാനകളാണ് രാത്രിയെ ഭീതിതമാക്കുന്നത്. പുഴയിലേക്ക് വെള്ളം കുടിക്കാനിറങ്ങുന്ന ആനകള്‍ കാടുകയറും വരെ ഉറക്കമുണ്ടാകില്ല.  രണ്ട് വര്‍ഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുഞ്ഞിരാമനെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നടപടികളെങ്ങുമെത്തിയില്ല. ഇതാണ് കുഞ്ഞിരാമന്‍റെ ജീവിതം വീണ്ടും പാലത്തിനടിയിലാകാന്‍ കാരണം.

പുഴത്തീരത്ത് ജീവിതം തള്ളിനീക്കുമ്പോഴും തന്‍റേതായ പ്രതിരോധം തീര്‍ത്താണ് കുഞ്ഞിരാമന്‍റെ ജീവിതം. രാത്രിയില്‍ ആനയിറങ്ങുമ്പോള്‍ തീ കത്തിച്ചുവെയ്ക്കുന്നതാണ് പതിവുരീതി. പ്രായാധിക്യം തളര്‍ത്തുന്ന കുഞ്ഞിരാമന് സുരക്ഷിതമായ വീടിന് ഇനി എത്ര നാള്‍ കാത്തിരിക്കണമെന്ന ചോദ്യമാണ് ബാക്കി

ENGLISH SUMMARY:

A 91-year-old man named Kunjiraman is living a life of constant fear under the Pulingom bridge in Kannur's Cherupuzha, adjacent to the Karnataka forest. His plight is exacerbated by the threat of wild elephants from the forest, causing him sleepless nights as he awaits a promised government house that remains unbuilt.