Image: Manorama

Image: Manorama

TOPICS COVERED

 കംപ്യൂട്ടര്‍ ലാബില്‍ ഗെയിം കളിക്കരുതെന്ന് പറഞ്ഞ മലയാളി അധ്യാപികയുടെ മൂക്കിടിച്ച് പരത്തി വിദ്യാര്‍ഥി. മാലദ്വീപിലെ സ്കൂളിൽ ആണ് വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ അധ്യാപികയ്ക്കു പരുക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ.പിള്ളയ്ക്കാണ് (35) മൂക്കിനു ഗുരുതരമായി പരുക്കേറ്റത്. അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

കഴിഞ്ഞ12നാണ് സംഭവമുണ്ടായത്. ക്ലാസ് നടക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നതു ശ്രദ്ധയിൽപെട്ട സ്മിത പലതവണ താക്കീത് ചെയ്തു. എന്നാല്‍ അധ്യാപികയെ അനുസരിക്കാതെ വിദ്യാർഥി ഗെയിം തുടര്‍ന്നു. പിന്നാലെ ഇനിയും കളിച്ചാല്‍ വിഡിയോ പകർത്തി പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്യുമെന്നു പറഞ്ഞപ്പോൾ സ്മിതയുടെ ഫോൺ വിദ്യാർഥി എടുത്തെറിയുകയും മൂക്കിൽ തുടർച്ചയായി ഇടിക്കുകയുമായിരുന്നെന്നു ഭർത്താവ് ദീപക് പറയുന്നു.

വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ രക്തം വാർന്നു സ്മിത ബോധരഹിതയായി വീണു. ഉടന്‍ തന്നെ മറ്റ് അധ്യാപകർ ചേർന്ന് ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രഥമശുശ്രൂഷയ്ക്കു ശേഷം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു പ്രവേശിപ്പിക്കാൻ നിർദേശിച്ചു. മൂക്കിന്‍റെ എല്ലിനു പൊട്ടലുണ്ട്. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ദീപക് പറഞ്ഞു.

ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ അധ്യാപികയായി ജോലിക്കു ചേർന്നത്. രണ്ടായിരത്തോളം അധ്യാപകരുള്ള മാലദ്വീപിൽ‍ 75 ശതമാനം പേരും മലയാളികളാണെന്നും ഇവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ദീപക് പറയുന്നു. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

 
Malayali Teacher Injured in Maldives School student Attack:

A student attacked a teacher in the Maldives after being told not to play games in the computer lab. The teacher sustained severe injuries to her nose and requires immediate surgery.