ഉഴമലയ്ക്കലിലെ വാടക വീട്ടിൽ മകന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും ചേര്‍ത്തുപിടിച്ച് വിങ്ങുന്ന അമ്മ ലതയേയും അച്ഛന്‍ രാജനേയും ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍. വിഷുനാളില്‍ കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം ആഘോഷിക്കാന്‍ കാത്തിരുന്നതാണ് നിതിന്‍ രാജ്. ഇനി പൊന്നുമകന്റെ ആ മുറിയും ഓര്‍മകളും മാത്രമാണ് ആ കുടുംബത്തിന് കൂട്ടായുള്ളത്.
അനുജന്റെ വേര്‍പാട് തീരാനൊമ്പരമായി നില്‍ക്കുകയാണ് സഹോദരിമാരുടെ മനസിലും. നിതിന്റെ പഴയ പാഠപുസ്തകങ്ങൾ മുറിയിൽ അടുക്കി വച്ചിട്ടുണ്ട്. എംബിബിഎസ് നേടി ഡോക്ടറാകണമെന്നായിരുന്നു സ്വപ്നം. ബിഡിഎസിന് പഠിക്കുന്നതിനിടെ ‘നീറ്റ്’ ലക്ഷ്യംവച്ചുള്ള പഠനത്തിലായിരുന്നു. കോളജിൽ നിന്നുണ്ടായ ക്രൂരമായ അനുഭവങ്ങൾ നിതിൻ ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നെന്ന് രാജൻ പറഞ്ഞു. സഹിക്കാൻ പറ്റാതായപ്പോൾ ചിലതെല്ലാം സഹോദരിമാരോടു പങ്കുവച്ചു. എന്റെ കുഞ്ഞ് സഹിച്ചതിനു കണക്കില്ലെന്ന് പിതാവ് പറയുന്നു.
കോഴ്സ് പൂർത്തിയാക്കിയ ശേഷം യുകെയിൽ ജോലി നേടണമെന്നായിരുന്നു ആഗ്രഹം. വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കണം. അച്ഛനും അമ്മയ്ക്കും സ്വന്തമായൊരു വീടു നിർമിച്ചു നൽകുമെന്ന് പറഞ്ഞാണ് കണ്ണൂരിലേക്ക് പഠിക്കാൻ പോയത്. ജീവിക്കാൻ കൊതിച്ച ഒരു കുട്ടിയെ ആണ് അവർ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. അല്ലാതെ അവൻ ചാടിയതല്ല’– രാജന്റെ വാക്കുകൾ.
‘എന്റെ കുട്ടിക്ക് അവിടെ പഠിക്കുന്നത് എളുപ്പമായിരിക്കില്ല എന്നറിയാമായിരുന്നു. മനഃപൂർവം മാർക്ക് കുറച്ച് തോൽപിക്കാൻ ശ്രമിച്ചിരുന്നു. അതുകൊണ്ട് എങ്ങനെയും ജയിക്കണം എന്നായിരുന്നു അവന്റെ മനസ്സിൽ. വീട്ടിൽ വരുമ്പോഴും ഇരുന്നു പഠിക്കും. ‘ഇത്രയും നേരം ട്രെയിനിലും ബസിലും വന്നതല്ലേ, കിടക്കാൻ സമയമില്ലേ എന്നു ചോദിച്ചാൽ അമ്മേ ഒരുപാട് പഠിക്കാനുണ്ട് എന്നാണ് പറയുന്നത്. 2–3 മണിക്കൂർ പഠിച്ചിട്ടാണ് കിടക്കുന്നത്. കുറച്ചുനേരം ടിവി കാണും. ടിവി അവനും മൂത്ത മോളും കൂടി ചേർന്ന് വാങ്ങിയതാണ്’– അമ്മ ലത പറഞ്ഞു.
കോളജിലെ കാര്യങ്ങൾ സഹോദരിമാരോട് പറയും. അച്ഛനെയും അമ്മയെയും ഒന്നും അറിയിക്കരുതെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ വിഷമിക്കേണ്ടെന്നു കരുതി മക്കൾ എല്ലാമൊന്നും പറഞ്ഞില്ല. അവസാനഘട്ടത്തിലാണ് എല്ലാമറിയുന്നത്. മോനെ അവിടെ ചേർക്കാൻ കൊണ്ടുപോയപ്പോൾ ഇത്ര മോശമായ കോളജ് ആണെന്നറിഞ്ഞില്ല. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ തിരിച്ചു കൊണ്ടുവന്നേനെ. അഡ്മിഷൻ സമയത്ത് ഒരു സെമിനാർ ഉണ്ടായിരുന്നു. റാഗിങ്, ടോർചർ ഒന്നുമില്ല എന്നാണ് പറഞ്ഞത്. പക്ഷേ, അധ്യാപകർ തന്നെ വില്ലന്മാരായി. ജാതി പറഞ്ഞും ദാരിദ്ര്യം പറഞ്ഞും കുട്ടിയെ കളിയാക്കി. ഞാൻ നിന്നെ ശരിപ്പെടുത്തും, സൂക്ഷിച്ചോളണമെന്ന് ഭീഷണിപ്പെടുത്തി. പഠിപ്പിക്കുന്ന കുട്ടിയുടെ കൈയും കാലും വെട്ടുമെന്നും ജീവനെടുക്കുമെന്നും പറയുന്നവർ അധ്യാപകരാണോ? അമ്മയുടെ ചികിത്സയ്ക്കായാണ് ലോൺ ആപ്പിലൂടെ കടമെടുത്തത്. അതു കൃത്യമായി അടച്ചിരുന്നു. ലോൺ ആപ് കാരണം പ്രശ്നം ഉണ്ടായെങ്കിൽ ഞങ്ങളെ അറിയിക്കാമായിരുന്നല്ലോ എന്നും പിതാവ് ചോദിക്കുന്നു.