ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസിൽഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ചേരും. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികൾ ചർച്ച ചെയ്യാനാണ് യോഗം. കേസിൽ അസമിലെ ജില്ല ട്രാൻസ്പോർട്ട് ഓഫീസർ ദീപക് പട്ടോവാരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി

ഓപ്പറേഷൻ നുംഖോറിൽ തുടർനടപടികൾ ചർച്ച ചെയ്യാനാണ് ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് ഈ മാസം 20 മുതൽ കൊച്ചിയിൽ യോഗം ചേരുക. വാഹന കള്ളക്കടത്തിൽ ഇരുരാജ്യങ്ങളും ശേഖരിച്ച വിവരങ്ങൾ പ്രകാരമാണ് ചർച്ച. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാനുള്ള നടപടികളും യോഗത്തിൽ തീരുമാനിക്കും. നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ നാല് വാഹനങ്ങൾ കൂടി കോഴിക്കോട് നിന്ന് കസ്റ്റംസ് പിടിച്ചെടുത്തു. ഇതോടെ ഓപ്പറേഷൻ നുംഖോറിൽ കേരളത്തിൽ നിന്ന് മാത്രം പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 50ലധികമായി. നികുതി വെട്ടിച്ചുള്ള വാഹനക്കടത്തിന്റെ മുഖ്യസൂത്രധാരൻ ബിശ്വദീപ് ദാസിനെ കൊച്ചി കസ്റ്റംസ് പ്രിവന്റ്റീവ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ കസ്റ്റംസ് നേരത്തെ അറസ്റ്റ് ചെയ്ത അസമിലെ ജില്ല ട്രാൻസ്പോർട്ട് ഓഫീസർ ദീപക് പട്ടോവാരിയുടെ ജാമ്യാപേക്ഷ എറണാകുളം അഡി. സെഷൻസ് കോടതി തള്ളി. നേരത്തെ അസമിലെ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കോടതിയിൽ മാർച്ച് 13ന് മുൻപ് കീഴടങ്ങാൻ നിർദേശം നൽകിക്കൊണ്ടാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ഇയാൾ കീഴടങ്ങിയിരുന്നില്ല. ഇതോടെ എറണാകുളം എ.സി.ജെ.എം കോടതി ദീപക്കിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ദീപക് ജാമ്യത്തിനായി കോടതിയെ സമീപിച്ചു.

കീഴടങ്ങാതെ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വ്യാജ രേഖകൾ ഉണ്ടാക്കി 36 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തി എന്നാണ് ഇയാൾക്കെതിരെയുള്ള കണ്ടെത്തൽ

ENGLISH SUMMARY:

Bhutan vehicle smuggling is a major concern, leading to an India-Bhutan joint customs group meeting in Kochi to discuss measures against tax evasion and illegal imports. This collaboration aims to curb sophisticated smuggling operations and ensure compliance with trade regulations.