കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതിയായ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോളജിൽ നിന്ന് പുറത്താക്കാൻ തീരുമാനം. വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെയും പരാതികളെയും തുടർന്നാണ് നടപടി. നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
ഡോ. റാമിനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിലെത്തി. അധ്യാപകൻ എന്ന നിലയിൽ ഇയാൾ പുലർത്തിയിരുന്ന ക്രൂരമായ മനോഭാവമാണ് പുറത്തുവരുന്നത്. ചെരുപ്പിട്ട് വന്ന വിദ്യാർത്ഥിയെ 'കോളനി' എന്ന് വിളിക്കുകയും ഗോത്രവർഗക്കാരനെപ്പോലെ ഇരിക്കുന്നു എന്ന് പരിഹസിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു. ഒരു പെൺകുട്ടിയെ 'കറുത്ത പശു' എന്ന് വിളിച്ച് റാം പരസ്യമായി അധിക്ഷേപിച്ചു. ഇത്തരം ക്രൂരതകൾക്കെതിരെ ആരെങ്കിലും പ്രതികരിച്ചാൽ അവരെ ഇന്റേണൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും അറ്റൻഡൻസ് നൽകില്ലെന്നും ഭീഷണിപ്പെടുത്തുന്നത് ഇയാളുടെ പതിവായിരുന്നു.
നിതിൻ രാജിന്റെ വസതി സന്ദർശിക്കാനെത്തിയ സഹപാഠികൾ വികാരാധീനരായാണ് ഇന്നലെ പ്രതികരിച്ചത്. "അധ്യാപകൻ എന്ന് വിളിക്കാൻ പോലും തോന്നുന്നില്ല, അയാൾ ഒരു മൃഗമാണ്" എന്നാണ് ഒരു സഹപാഠി പറഞ്ഞത്. പഠിപ്പിക്കാത്ത കാര്യങ്ങൾ ചോദിക്കുക, ഉത്തരം ലഭിക്കാത്ത പക്ഷം ക്ലാസിൽ നിന്ന് ഇറക്കിവിടുക, പബ്ലിക് ആയി അപമാനിക്കുക തുടങ്ങിയ പീഡനങ്ങൾ നിതിൻ നിരന്തരം അനുഭവിച്ചിരുന്നു.
വിഷയത്തിൽ കോളജ് മാനേജ്‌മെന്റ് വിദ്യാർത്ഥികളുമായി സഹകരിക്കുന്നില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഡോ. റാമിനെ ഉടൻ പുറത്താക്കണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയായിരുന്നു. പരാതി നൽകിയാൽ വിദ്യാർത്ഥികൾക്ക് തന്നെയാണ് നഷ്ടമെന്ന് റാം നേരത്തെ ഭീഷണിപ്പെടുത്തിയതിനാൽ പലരും മൗനം പാലിക്കുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. നിതിൻ രാജിന്റെ കുടുംബം ഡിജിപിക്ക് പരാതി നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഡിജിപി കുടുംബത്തിന് ഉറപ്പുനൽകി.