കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി വിവാഹത്തിന് ഹാജരാക്കിയത് വ്യാജരേഖകളെന്ന വാദം തള്ളി പൊലീസ്. വിവാഹ റജിസ്ട്രേഷന് വേണ്ടി ഹാജരാക്കിയ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഒറിജിനലാണെന്ന് കാണിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി,  ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. 

മാര്‍ച്ച് 11ന് പൂവാറിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അതിന് ശേഷം വിവാഹ റജിസ്ട്രേഷനായി ഓണ്‍ലൈനായി പൂവാര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകളായി സമര്‍പ്പിച്ചത്. ഇവ പരിശോധിച്ചപ്പോള്‍ അവ വ്യാജമല്ലെന്ന് സ്ഥിരീകരിച്ചെന്നും രേഖ പ്രകാരം പതിനെട്ട് വയസ് പൂര്‍ത്തിയായിരുന്നൂവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. 

ഈ രേഖകള്‍ തയാറാക്കാനായി നല്‍കിയത് തെറ്റായ വിവരങ്ങളാണോയെന്ന് കണ്ടെത്താന്‍ വിശദ അന്വേഷണം വേണം. അതിന് മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്നും തിരുവനന്തപുരം റൂറല്‍ എസ്.പി ജുവ്വനപടി മഹേഷ് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. വ്യാജരേഖയുടെ സഹായത്തോടെയാണ് കല്യാണമെന്നാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ കണ്ടെത്തലും മധ്യപ്രദേശ് പൊലീസെടുത്ത കേസും. 

മാർച്ച് 11 നാണ് പെൺകുട്ടി തമ്പാനൂർ പൊലീസിൽ എത്തുന്നത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലെക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു വെന്നായിരുന്നു വാക്കാൽ പറഞ്ഞ പരാതി. തനിക്ക് കാമുകനൊപ്പം പോകണമെന്നും പെൺകുട്ടി പറഞ്ഞു. 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെയാണ് പെൺകുട്ടിയുടെ താല്‍പര്യപ്രകാരം വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. അതിനാല്‍ നിലവിലെ കേസിന് പിന്നിൽ പൊലീസ് ദൂരൂഹതകൾ സംശയിക്കുന്നുമുണ്ട്. പരിശോധനക്ക് ആധാർ നൽകിയത് പെൺകുട്ടിയുടെ പിതാവാണെന്നും പൊലീസ് വ്യക്തമാക്കി. 

കേരളത്തിൽ വച്ച് നടന്ന വിവാഹത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്നും ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തിയതിന് പിന്നാലെയാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30 നാണെന്ന് തെളിയിക്കുന്ന മധ്യപ്രദേശിലെ മഹേശ്വർ ആശുപത്രിയിലെ രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The police have refuted claims of fake documents being used for the Kumbh Mela viral girl's marriage. A report submitted to the DGP by the Thiruvananthapuram Rural SP confirms that the Aadhaar card and birth certificate presented for marriage registration were original.