കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ മരിച്ച് നാലാം ദിവസം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കോളജിലെ വിദ്യാർഥികൾ. പ്രതിയായ അധ്യാപകനില്‍ നിന്നും ജാതി അധിക്ഷേപം ശരിവയ്ക്കുകയാണ് സീനിയർ വിദ്യാർഥികൾ. ഡോക്ടർ റാം കുട്ടികളോട് ക്ലാസ്സിൽ മതവും ജാതിയും ചോദിക്കുന്നത് പതിവാണെന്ന് വിദ്യാർഥികൾ പറഞ്ഞു. നിരന്തരം പരാതി കൊടുത്തിട്ടും അധ്യാപകനെതിരെ നടപടി ഉണ്ടായില്ല എന്നും ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കുമെന്നും വിദ്യാർഥികൾ ആരോപിച്ചു.
കുട്ടികളെ ബോഡി ഷെയ്മിങ് നടത്താറുണ്ടെന്നും ശബ്ദം കുറച്ച് സംസാരിച്ചതിന് ആൺകുട്ടിയെ കൊണ്ട് തല്ലിച്ചുവെന്ന് വിദ്യാർഥിനികളില്‍ ഒരാള്‍ പറഞ്ഞു. ആ സമയത്ത് നിസ്സാഹയായി ചിരിച്ചു നില്‍ക്കേണ്ടി വന്നെന്നും അപ്പോള്‍ വീണ്ടും അടിക്കാന്‍ പറഞ്ഞെന്നും വിദ്യാര്‍ഥിനി പറയുന്നു. ‘മാതാപിതാക്കള്‍ പരാതി കൊടുക്കാന്‍ തയ്യാറായിരുന്നു. പക്ഷേ ഞാനാണ് പറഞ്ഞത് വേണ്ടെന്ന് , പരീക്ഷയ്ക്ക് തോല്‍പ്പിക്കുമെന്ന ഭയമായിരുന്നെന്നും വിദ്യാര്‍ഥിനി പറഞ്ഞു. അധിക്ഷേപിക്കാൻ വിവിധ പേരുകളാണ് ഡോക്ടർ റാം കണ്ടെത്തിയിരുന്നത്. പലരും പരാതി കൊടുത്തിട്ടും മാനേജ്മെന്‍റ് ഒരു നടപടിയും എടുത്തില്ല. പരാതി വരുമ്പോൾ മാത്രം അധിക്ഷേപം കുറയും. പിന്നീട് വീണ്ടും പഴയപടിയാകും. റാമിന് പഠനകാര്യങ്ങളേക്കാൾ മതവും ജാതിയും ചോദിക്കാനാണ് താല്പര്യം കൂടുതൽ എന്നും വിദ്യാർഥികൾ പറഞ്ഞു.
‘പരാതികൊടുക്കുമ്പോള്‍ നിങ്ങൾ ഡോക്ടേഴ്സ് ആകാനുള്ളതല്ലേ നിങ്ങൾക്ക് ട്രെയിനിങ് ആയിട്ടാണ് ഇത് തരുന്നത് എന്ന് പറയും. ഒരു ബാച്ച് മുഴുവനും പുള്ളിക്കെതിരെ പരാതി കൊടുത്തിരുന്നു. ജാതി മാത്രമല്ല മതവും ചോദിക്കും. ക്രിസ്ത്യൻ ആണെന്ന് പറഞ്ഞു കഴിഞ്ഞാൽ ബൈബിളിൽ നിന്ന് എന്തെങ്കിലും ചോദ്യം ചോദിക്കും. എന്നിട്ട്, ഇതൊന്നും അറിയില്ലേ? പിന്നെന്തിനാ ബൈബിൾ വായിക്കുന്നത് , എന്നെല്ലാം ചോദിക്കും. മതം അറിയാൻ വേണ്ടിയിട്ടുള്ള ചോദ്യമാണ്. ഇതാണ് അദ്ദേഹത്തിന്‍റെ ക്ലാസ്. ഭയങ്കര അഭിമാനത്തോടെയാണ് ഇക്കാര്യങ്ങള്‍ പറയാറുള്ളത്. നിറത്തിന്‍റെ പേരിലും ശരീരത്തിന്‍റെ പേരിലും അധിക്ഷേപിക്കും. എത്രത്തോളം നമ്മൾ പഠിക്കുന്നു എന്ന് മറ്റുള്ളവരെ വച്ച് താരതമ്യം ചെയ്യും. വീട്ടിലും അറിയാവുന്ന കാര്യങ്ങളാണ് പിന്നെ നമുക്ക് കോഴ്സ് കഴിഞ്ഞ് എങ്ങിനെയെങ്കിലും പോകണം എന്നേയുള്ളൂ’:- വിദ്യാര്‍ഥികള്‍ പറയുന്നു.
അതേസമയം, കേസില്‍ പ്രതികളായ അനാട്ടമി വിഭാഗം മേധാവി ഡോക്ടർ റാം, ഡോക്ടർ സംഗീത എന്നിവരെക്കുറിച്ച് വിവരമില്ല എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം ഡോക്ടർ റാം, ഡോക്ടർ സംഗീത എന്നിവരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പ്രതി ചേർത്തത്. പിന്നാലെ ഇരുവരും ഒളിവിൽ പോയെന്നാണ് വിവരം. ഫോൺ നമ്പറുകൾ സ്വിച്ച് ഓഫ് ആണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അതിനിടെ, നിതിൻ രാജ് ലോൺ ആപ്പ് വഴി വായ്പ എടുത്തതും പോലീസ് പരിശോധിക്കുകയാണ്. 15,000 രൂപ നിതിൻ ആപ്പിൽ നിന്ന് വായ്പയെടുത്തെന്നും പലിശയും ചേർത്ത് പതിനെട്ടായിരമായി എന്നുമാണ് പോലീസിന്റെ മറുപടി. നിതിൻ ആത്മഹത്യ ചെയ്ത ദിവസം കോളേജിൽ അധ്യാപിക ലതാ ശശിധരന്റെ ഫോണിലേക്ക് ലോൺ ആപ്പിൽ നിന്ന് മെസ്സേജുകൾ വന്നിട്ടുണ്ട്. ലതയുടെ നമ്പറാണ് റഫറൻസ് നമ്പറായി നൽകിയത് എന്നാണ് മെസ്സേജ്. എന്നാൽ, ഇത് നിതിൻ നൽകിയതാണോ, ആപ്പുകാർ ഫോണിൽ നിന്ന് ചോർത്തിയതാണോ എന്ന് സംശയം നിലനിൽക്കുന്നു. അധ്യാപികയുടെ പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.