nithin-raj-suicide-anjarakandy-dental-college

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ആത്മഹത്യയെത്തുടർന്ന് കോളേജ് അധ്യാപകൻ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി സഹപാഠികൾ. റാമിനെ അധ്യാപകനെന്ന് വിളിക്കാനാവില്ലെന്നും അയാൾ ഒരു മൃഗമാണെന്നും നിതിന്റെ സഹപാഠി ആർച്ച മാധ്യമങ്ങളോട് പറഞ്ഞു. കോളേജിലെ അധ്യാപകരിൽ നിന്നുള്ള മാനസിക പീഡനമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

ക്ലാസ് മുറികളിൽ പഠിപ്പിക്കുന്നതിന് പകരം മതപരമായ കാര്യങ്ങൾ പറയുകയും വിദ്യാർത്ഥികളെ ബോഡി ഷെയ്മിങ്ങിന് ഇരയാക്കുകയുമാണ് റാം ചെയ്തിരുന്നതെന്ന് ആർച്ച ആരോപിച്ചു. അറ്റൻഡൻസ് കുറയ്ക്കുമെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്നും പറഞ്ഞ് ഇയാൾ നിരന്തരം വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു.

"എന്നെ മാത്രം എന്തിനാ ഇങ്ങനെ ടാർഗെറ്റ് ചെയ്യുന്നത്, ഞാൻ എന്ത് തെറ്റാണ് ചെയ്തത്" എന്ന് നിതിൻ കരഞ്ഞുകൊണ്ട് ചോദിച്ചിരുന്നതായി സഹപാഠി വെളിപ്പെടുത്തി. തന്നോടും മോശമായ രീതിയിലാണ് റാം പെരുമാറിയിട്ടുള്ളതെന്ന് ആർച്ച കൂട്ടിച്ചേർത്തു.

റാമിനെതിരെ സംസാരിക്കാൻ വിദ്യാർത്ഥികൾ ഭയപ്പെടുന്നത് ഇയാൾ ഇനിയും അധ്യാപകനായി തുടരുന്നത് കൊണ്ടാണ്. ഒന്നാം വർഷക്കാരെ ഉപദ്രവിക്കാൻ പറ്റിയില്ലെങ്കിൽ മൂന്നാം വർഷത്തിൽ അവരെ കുടുക്കുമെന്ന പേടി വിദ്യാർത്ഥികൾക്കിടയിലുണ്ട്. എന്നാൽ ഈ വിഷയത്തിൽ സത്യം പറയാൻ പ്രിൻസിപ്പൽ തങ്ങൾക്ക് ധൈര്യം നൽകിയെന്നും വിദ്യാർത്ഥികൾ പറയുന്നു. അങ്ങനെയൊരാൾ ഒരു കോളേജിലും പഠിപ്പിക്കാൻ യോഗ്യനല്ലെന്നും വിദ്യാർത്ഥികൾ രോഷത്തോടെ പ്രതികരിച്ചു.

നിതിൻ ക്ലാസിൽ വരാൻ മടിച്ചിരുന്ന സമയത്ത് ലത മാം, സംഗീത മാം തുടങ്ങിയ അധ്യാപകർ അവനെ സഹായിച്ചിരുന്നതായി വിദ്യാർത്ഥികൾ ഓർത്തെടുത്തു. നോട്ട്സ് അയച്ചുകൊടുത്തും പഠനകാര്യങ്ങളിൽ പ്രോത്സാഹിപ്പിച്ചും അവർ നിതിനെ ചേർത്തുപിടിച്ചിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നമാണോ മരണകാരണമെന്ന സംശയത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ലത മാമിന് വന്ന ചില ഒടിപി (OTP) കോളുകളെക്കുറിച്ച് അറിവുണ്ടെന്നും എന്നാൽ അധ്യാപകന്റെ പീഡനമാണ് നിതിനെ തളർത്തിയതെന്നും സഹപാഠികൾ ആവർത്തിച്ചു.

 

നിതിൻ അനുഭവിച്ച മാനസിക വിഷമങ്ങൾ പലപ്പോഴും സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. "നീ ഒറ്റപ്പെടില്ല, ഞങ്ങളെല്ലാവരും കൂടെയുണ്ടാവും" എന്ന് ആശ്വസിപ്പിച്ചിട്ടും അധ്യാപകന്റെ ഭാഗത്തുനിന്നുള്ള നിരന്തര വേട്ടയാടൽ അവനെ തകർത്തു കളഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവത്തിൽ പൊലീസിന്റെ വിശദമായ അന്വേഷണം നടക്കുകയാണ്.

ENGLISH SUMMARY:

Nithin Raj suicide at Anjarakandy Dental College is under intense scrutiny, with fellow students leveling serious allegations against a faculty member named Ram. These accusations point towards severe mental harassment as a contributing factor to Nithin's tragic death.