കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യക്കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍. ഡോ. റാം, ഡോ. സംഗീത എന്നിവര്‍ ഒളിവിലെന്നും മൊബൈല്‍ സ്വിച്ച് ഓഫെന്നും പൊലീസ്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, നിതിന്‍ രാജിന്‍റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ എസ്‌സി/എസ്‌ടി കമ്മീഷനാണും ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ കോളജിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനത്തു. കെ.എസ്.യു, എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുണ്ടായ പ്രതിഷേധത്തിനൊടുവില്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കോളജ് കവാടത്തില്‍ പ്രതിഷേധം നടത്തുന്ന പ്രതിഷേധം തുടരുകയാണ്. സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹിയും പട്ടികജാതി വകുപ്പ് ജില്ലാ ഓഫിസറും മെഡിക്കല്‍ കോളജിലെത്തിയിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തില്‍ ലോൺ ആപ്പുകാരുടെ ഭീഷണിയും പൊലീസ് തള്ളുന്നില്ല. ലോൺ ആപ്പിന്റെ മെസ്സേജുകളും അന്വേഷണ പരിധിയിലാണ്. ടീച്ചറുടെ നമ്പറിലേക്ക് വന്ന മെസ്സേജുകൾ ആണ് പരിശോധിക്കുന്നത്. നിതിൻ ജീവനൊടുക്കുന്നതിന് മുൻപും ടീച്ചർക്ക് സന്ദേശങ്ങൾ വന്നതായാണ് കണ്ടെത്തൽ. തിരിച്ചടവിന് തട്ടിപ്പുകാര്‍ നിരന്തരം വിളിച്ചെന്ന് ഡെന്റല്‍ കോളജിലെ അധ്യാപിക പരാതി നല്‍കിയിട്ടുണ്ട്. ടീച്ചറുടെ നമ്പർ ലോൺ സംഘത്തിന് എങ്ങനെ കിട്ടി എന്നതും നിർണായകമാണ്. നിതിൻ കൊടുത്തതോ, ആപ്പുകാർ എടുത്തതോ ആകാം എന്നും പൊലീസ് പറയുന്നു.
നിതിന്‍ ലോണ്‍ ആപ്പില്‍ നിന്ന് വായ്പ എടുത്തത് വീട്ടിലറിഞ്ഞെന്ന് പിതാവും പ്രതികരിച്ചു. അമ്മയുടെ ചികില്‍സയ്ക്കായാണ് വായ്പ എടുത്തതെന്ന് നിതിന്റെ അച്ഛന്‍ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാരുടെ സഹായത്തോടെ നിതിൻ വായ്പ തിരിച്ചടച്ച് തുടങ്ങിയിരുന്നു. ലോണ്‍ ആപ് ഭീഷണി കോളജ് അധികൃതര്‍ അറിയിച്ചില്ല. വായ്പ മുടങ്ങിയെങ്കില്‍ അറിയിക്കാമായിരുന്നല്ലോ. മറ്റ് പല കാര്യങ്ങൾക്കും നിരന്തരം വിളിച്ചിരുന്ന അധ്യാപകർ എന്തുകൊണ്ടാണ് ഇക്കാര്യം പറയാത്തത് എന്നും രാജന്‍ ചോദിച്ചു. നിതിന് കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്ന് കുടുംബം ആവര്‍ത്തിക്കുന്നുണ്ട്. ഇല്ലാത്ത കഥകൾ മെനഞ്ഞ് കോളജ് അധികൃതർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും മനസാക്ഷിയുള്ള ഏതെങ്കിലും വിദ്യാർഥിയുണ്ടെങ്കിൽ എന്താണ് സംഭവിച്ചതെന്ന കാര്യം തുറന്ന് പറയണമെന്നും രാജൻ പറഞ്ഞു.