കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതില്‍ ലോൺ ആപ്പുകാരുടെ ഭീഷണി തള്ളാതെ പൊലീസ്. ലോൺ ആപ്പിന്റെ മെസ്സേജുകളും അന്വേഷണ പരിധിയിലാണ്. ടീച്ചറുടെ നമ്പറിലേക്ക് വന്ന മെസ്സേജുകൾ ആണ് പരിശോധിക്കുന്നത്. നിതിൻ ജീവനൊടുക്കുന്നതിന് മുൻപും ടീച്ചർക്ക് സന്ദേശങ്ങൾ വന്നതായാണ് കണ്ടെത്തൽ. ടീച്ചറുടെ നമ്പർ ലോൺ സംഘത്തിന് എങ്ങനെ കിട്ടി എന്നതും നിർണായകമാണ്. നിതിൻ കൊടുത്തതോ, ആപ്പുകാർ എടുത്തതോ ആകാം എന്നും പൊലീസ് പറയുന്നു.

നിതിന്‍ ലോണ്‍ ആപ്പില്‍ നിന്ന് വായ്പ എടുത്തത് വീട്ടിലറിഞ്ഞെന്ന് പിതാവും പ്രതികരിച്ചു. അമ്മയുടെ ചികില്‍സയ്ക്കായാണ് വായ്പ എടുത്തതെന്ന് നിതിന്റെ അച്ഛന്‍ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാരുടെ സഹായത്തോടെ നിതിൻ വായ്പ തിരിച്ചടച്ച് തുടങ്ങിയിരുന്നു. ലോണ്‍ ആപ് ഭീഷണി കോളജ് അധികൃതര്‍ അറിയിച്ചില്ല. വായ്പ മുടങ്ങിയെങ്കില്‍ അറിയിക്കാമായിരുന്നല്ലോ. മറ്റ് പല കാര്യങ്ങൾക്കും നിരന്തരം വിളിച്ചിരുന്ന അധ്യാപകർ എന്തുകൊണ്ടാണ് ഇക്കാര്യം പറയാത്തത് എന്നും രാജന്‍ ചോദിച്ചു. നിതിന് കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നുവെന്ന് കുടുംബം ആവര്‍ത്തിക്കുന്നുണ്ട്. ഇല്ലാത്ത കഥകൾ മെനഞ്ഞ് കോളജ് അധികൃതർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും മനസാക്ഷിയുള്ള ഏതെങ്കിലും വിദ്യാർഥിയുണ്ടെങ്കിൽ എന്താണ് സംഭവിച്ചതെന്ന കാര്യം തുറന്ന് പറയണമെന്നും രാജൻ പറഞ്ഞു.

അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ അധ്യാപകരായ ഡോ. എം.കെ.റാം, ഡോ. കെ.ടി.സംഗീത എന്നിവരെ വൈകാതെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പും ചുമത്തിയിട്ടുണ്ട്. കോളജിലെ വിദ്യാർഥികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂര്‍ എ.സി.പിക്കാണ് അന്വേഷണച്ചുമതല. കോളജിനെതിരെ പ്രതിഷേധവും കനക്കുകയാണ്. എസ്എഫ്ഐയും  ജനാധിപത്യ മഹിളാ അസോസിയേഷനും കോളജിലേക്ക് ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.

ENGLISH SUMMARY:

The investigation into the tragic suicide of BDS student R.L. Nithin Raj is now exploring the involvement of illegal loan apps alongside allegations of institutional harassment. Police are scrutinizing several messages received by a college teacher from a loan app syndicate just prior to Nithin's death. Investigators are trying to determine how the teacher's contact details were accessed by the app, suspecting either a shared contact list or a deliberate entry by the student. Nithin's father, Rajan, clarified that the loan was taken to cover his mother's surgery costs and lamented that the college authorities failed to alert the family about any financial stress. Meanwhile, the Kannur police are moving toward the arrest of faculty members Dr. M.K. Ram and Dr. K.T. Sangeetha under the SC/ST Prevention of Atrocities Act and for abetment of suicide. As the 11-member probe team gathers student testimonies, major protests by SFI and the Democratic Mahila Association are scheduled at the college today.