post-cm-security

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥന്‍ സന്ദീപിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസി‍ഡന്‍റ് അരുണ്‍ രാജേന്ദ്രന്‍. നവകേരള സദസ്സുമായി ബന്ധപ്പെട്ടു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ സംഘത്തിൽപെട്ട പൊലീസുകാരനായ സന്ദീപ് എന്നിവർ ക്രൂരമായി മര്‍ദിച്ചിരുന്നു. യുഡിഎഫ് ഭരണത്തിലെത്തുമെന്നും, ഇവര്‍ക്കെല്ലാം കൊടുക്കേണ്ടത് കൊടുക്കുമെന്നുമാണ് അരുണ്‍ രാജേന്ദ്രന്‍റെ പോസ്റ്റ്.

"സാറേ സുഖമാണല്ലോ ല്ലേ...!. സുഖിക്കാൻ പോവുന്നതേ ഒള്ളൂ...!. 22 ദിവസം കൂടെ കഴിഞ്ഞോട്ടെ....!. സുഖിപ്പിക്കുന്നുണ്ട് ഞങ്ങൾ സാറന്മാരെ...!. ഞങ്ങളുടെ പ്രിയപെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വച്ചോ...!. ഞങ്ങളെല്ലാം മറന്നെന്നു നിങ്ങൾക്ക് തോന്നിയാൽ ഞങ്ങൾ മരിച്ചെന്നു ഉറപ്പ് വരുത്തണം...!. ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ടെഴുതിയിട്ടിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്....!. ആ കണക്കുകൾ ഒക്കെ നമുക്ക് തീർക്കേണ്ടേ "സാറേ?" – അരുണ്‍ രാജേന്ദ്രന്‍ മര്‍ദന ദൃശ്യം ഉള്‍പ്പടെ പങ്കുവെച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചു.

നേതാക്കളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്ന സംഭവത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിനു കവചമൊരുക്കാനുള്ള തീവ്രശ്രമം അന്ന് നടന്നിരുന്നു. വഴി തടയാൻ ശ്രമിച്ച നേതാക്കളെ സുരക്ഷാസംഘം തല്ലിച്ചതച്ചതിനെ ‘രക്ഷാപ്രവർത്തനം’ എന്നാണു മുഖ്യമന്ത്രി മുൻപു വിശേഷിപ്പിച്ചത്.

മർദനത്തിനു തെളിവില്ലെന്നും മുഖ്യമന്ത്രിക്കു സുരക്ഷാഭീഷണി ഉണ്ടായപ്പോൾ ഗൺമാനും സംഘവും ഇടപെട്ടതാണെന്നും കാട്ടിയാണ് 2024ൽ ക്രൈംബ്രാഞ്ച് ഇവര്‍ക്ക് ആദ്യം ക്ലീൻചിറ്റ് നൽകിയത്. ഈ റിപ്പോർട്ട് തള്ളിയ കോടതി, മർദനത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കാൻ നിർദേശിച്ചു തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ, മുൻപ് റിപ്പോർട്ട് നൽകിയ അതേ ഉദ്യോഗസ്ഥനു തന്നെയായിരുന്നു രണ്ടാമതും അന്വേഷണച്ചുമതല നല്‍കിയത്.

2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ നവകേരള ബസിനു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും അകമ്പടി വാഹനത്തിലുണ്ടായിരുന്ന ഗൺമാനും സുരക്ഷാജീവനക്കാരനും ചേർന്നു മർദിച്ചെന്നാണു കേസ്.

കേസിൽ അന്വേഷണം നേരിടുന്നതിനിടെ, ഗൺമാൻ അനിൽകുമാറിനു സ്ഥാനക്കയറ്റം നൽകി പൊലീസിന്റെ ഉത്തരവ് വന്നിരുന്നു. ആംഡ് റിസർവ് എസ്ഐ ആയ അനിൽകുമാർ അടക്കം 20 പേർക്ക് റിസർവ് ഇൻസ്പെക്ടറായാണു സ്ഥാനക്കയറ്റം നൽകിയത്.

ENGLISH SUMMARY:

KSUMaroonedMalayalamNews discusses the Facebook post by KSU state vice president Arun Rajendran against Sandeep, an officer in Chief Minister Pinarayi Vijayan's security team. The post alleges brutal assault on Youth Congress and KSU leaders during a Navakerala Sadassu protest by the CM's gunman Anil Kumar and security officer Sandeep.