സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇന്ന് മുതല്‍ ഏപ്രില്‍ 15 വരെ, പാലക്കാട് 40 ഡിഗ്രി സെല്‍സ്യസ് വരെയും കൊല്ലത്ത് 39 വരെയും ചൂട് ഉയരാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍സ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍സ്യസ് വരെയും താപനില ഉയരാനിടയുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര മേഖലകളിലൊഴികെ) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പകല്‍ കഴിയുന്നതും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇതിനിടെ താപനിലയെ കുറിച്ചുള്ള വ്യാജപ്രചരണവും കൊഴുക്കുകയാണ്. കേരളത്തില്‍ താപനില 54 ഡിഗ്രി സെല്‍സ്യസിലേക്ക് ഉയരുമെന്ന സാമൂഹികമാധ്യമ പ്രചരണം വ്യാജമാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ദുരന്ത നിവാരണ നിയമം 2005, സെക്ഷന്‍ 54 അനുസരിച്ച് ശിക്ഷാർഹമാണെന്നും ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക.
ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല. കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ല.