Untitled design - 1

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി  നിതിൻ രാജിന്റെ(23) സംസ്കാരം ഇന്ന്. പോസ്റ്റ്മോർട്ടത്തിന് ശേഷം പുലർച്ചെയോടെ മൃതദേഹം തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിൽ എത്തിച്ചു.  മൃതദേഹം കണ്ട് മാതാപിതാക്കള്‍ തളര്‍ന്നുവീണു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ  നിതിനെ കണ്ടെത്തിയത്. കോളജിലെ അധ്യാപകർ നിതിനെ ജാതിയുടെയും നിറത്തിന്റെയും  പേരില്‍ അധിക്ഷേപിച്ചിരുന്നെന്ന്  കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. 

 

ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.റാം, അസോസിയേറ്റ് പ്രഫസർ ഡോ.സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളജ് സസ്പെൻഡ് ചെയ്തു. ഇവരെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. കോളജിലെ വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചു. നിതിൻ രാജിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പോലീസിന് മുൻപിൽ നേരത്തെ പരാതിയുണ്ടെന്ന കോളേജിന്റെ വാദം പോലീസ് നിഷേധിച്ചു. ഇതുവരെ ഒരു പരാതിയും വിദ്യാർത്ഥിയെ കുറിച്ച് ലഭിച്ചിട്ടില്ല എന്നാണ് ചക്കരക്കൽ പോലീസിന്റെ മറുപടി. 

 

അതേസമയം സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്എഫ്ഐയും കെഎസ്‌യുവും ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജന്മനാട്ടിൽ പ്രതിഷേധത്തിനും സാധ്യതയുണ്ട്. കോളജിലെ 2 അധ്യാപകര്‍ ജാതി പറഞ്ഞ് മകനെ നിരന്തരം അധിക്ഷേപിക്കാറുണ്ടെന്ന് പിതാവ് പറഞ്ഞു. 

 

മെഡിക്കൽ കോളജ് ആശുപത്രിയുടെ റിസപ്ഷൻ വിഭാഗത്തിന്റെയും കോളജ് ലൈബ്രറിക്കെട്ടിടത്തിന്റെയും മധ്യഭാഗത്തു ചെങ്കൽ പാകിയ സ്ഥലത്ത് നിതിൻരാജ് വീണുകിടക്കുന്നത് ആശുപത്രിയിലെത്തിയ ഒരു കുട്ടിയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടൻ അത്യാഹിതവിഭാഗത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

നിതിൻരാജ് ആശുപത്രി കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ മുകളിലത്തെ നിലയിലേക്കു പോകുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. നിതിൻരാജ് വെള്ളിയാഴ്ച 12.30നുള്ള ക്ലാസിൽ കയറാതെ പുറത്തുനിൽക്കുന്നത് കണ്ടതായി കോളജ് അധികൃതർ പറഞ്ഞു. കോളജിനുപുറത്ത് ചില സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പ്രശ്നങ്ങളും കേസുമുള്ളതായും കോളജിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡെന്റൽ കോളജ് പ്രിൻസിപ്പൽ വിനോദ് പറഞ്ഞു. പെയ്ന്റിങ് തൊഴിലാളിയായ വൈ.എൽ.രാജന്റെയും സി.ആർ.ലതയുടെയും മകനാണ്. നിതിൻരാജിന്റെ ഹോസ്റ്റൽ മുറി പൊലീസ് പൂട്ടി. 

 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ENGLISH SUMMARY:

Nithin Raj death is a tragic incident where a BDS student from Kannur Dental College fell to his death. The family has alleged caste and color discrimination by college faculty, leading to a police investigation and suspension of two teachers.