തിരുവനന്തപുരം തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗവൺമെന്‍റ് റയിൽവേ പൊലീസ് എസ്.ഐയുടെ മർദനം. ഓട്ടോ നീക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് അറുപത്തി നാലുകാരനായ ഡ്രൈവർ അശോകന് മർദനമേറ്റത്. ഓട്ടോ ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജി.ആർ.പി, എസ്.ഐ ജയനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റയിൽവേ സ്റ്റേഷന് മുന്നിലെ പ്രീ പെയ്ഡ് ഓട്ടോ സർവീസ് നിർത്തിയിട്ടുണ്ട്.
എ.ഡി.ജി.പി വരുന്നു ഓട്ടോ മാറ്റിയിടൂ എന്നായിരുന്നു ജി.ആർ.പി എസ്.ഐയുടെ നിർദേശം. വാഹനം മാറ്റിയിടാൻ ശ്രമിക്കുന്നതിനിടെ തർക്കമുണ്ടായി. യാതൊരു പ്രകോപനവുമില്ലാതെ മർദനവുമുണ്ടായെന്നാണ് അശോകൻ്റെ സുഹൃത്തുക്കളുടെ പ്രതികരണം. പരുക്കേറ്റ അശോകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വി.ഐ.പി യുടെ വാഹനം പ്രവേശിക്കുന്നതിന്‍റെ ഭാഗമായി ഓട്ടോ നീക്കാൻ ആവശ്യപ്പെട്ടതാണെന്നും തർക്കമല്ലാതെ മർദനമുണ്ടായില്ലെന്നാണ് ജി.ആർ.പി ഉദ്യോഗസ്ഥരുടെ വിശദീകരണം.