e-office-election-commission

സെക്രട്ടേറിയറ്റിലെ ഇ–ഓഫീസ് സംവിധാനം അഞ്ചുദിവസം മരവിപ്പിക്കാനുള്ള ഐ.ടി വകുപ്പിന്‍റെ നീക്കം തടഞ്ഞ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍. സര്‍ക്കാര്‍നീക്കം പെരുമാറ്റചട്ട ലംഘനമാണെന്നും ദുരൂഹതയുണ്ടെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇ ഓഫീസ് മെച്ചപ്പെടുത്താനെന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പിന്‍റെ പിറ്റേദിവസം മുതല്‍ ഇ ഓഫീസ് നിറുത്തിവെക്കാനുള്ള നീക്കത്തെ ഐടി വകുപ്പ് ന്യായീകരിക്കുന്നത്. വോട്ടെടുപ്പിന്‍റെ പിറ്റേദിവസം മുതല്‍ 15ാം തീയതി രാത്രിവരെ  സെക്രട്ടേറിയറ്റിലെ ഇ ഫയലിങ് സംവിധാനം മരവിപ്പിക്കാനായിരുന്നു ഐടി വകുപ്പിന്‍റെ നിര്‍ദേശം. കാരണമായി പറയുന്നത് ഇ ഫയലിങിന്‍റെ നവീകരണവും. പെരുമാറ്റച്ചട്ടമോ തിരഞ്ഞെടുപ്പുകാലത്തെ പ്രത്യേക ഭരണ സംവിധാനമോ ഒന്നും കാണാതെയുള്ള നീക്കം ഏതെങ്കിലും ഫയല്‍ അട്ടിമറിക്കാനാണോ എന്ന ചോദ്യം ഉയര്‍ത്തുക സ്വാഭാവികം. 

ഇഫയലിങ് മരവിപ്പിക്കുന്നത് ആദ്യം ശ്രദ്ധിച്ച്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകളായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കി. . പെരുമാറ്റചട്ടത്തിന് വിരുദ്ധമായ നടപടിയാണെന്നും  ദുരൂഹതയുണ്ടെന്നും കാണിച്ചായിരുന്നു  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ കത്ത്. സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെട്ടതോടെ  നടപടി മരവിപ്പിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഫയലുകളുള്‍പ്പെടെ പ്രധാന ഫയലുകള്‍ അ‍ഞ്ചുദിവസം മരവിപ്പിക്കുക പ്രായോഗികമല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അപേക്ഷിച്ച പ്രകാരം ഇ ഓഫീസ് നവീകരണം തല്‍ക്കാലം നിറുത്തിവെക്കുകയാണെണ് ഐ .ടി വകുപ്പിന്‍റെ തിരുത്തല്‍  സര്‍ക്കുലര്‍പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശത്തെ അപേക്ഷയായി ചിത്രീകരിച്ച ഐടി വകുപ്പിന്‍റെ നടപടി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയില്‍ ചിരിപടര്‍ത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനിടെ ഇ ഫയലിങ് നവീകരിക്കാനുള്ള ആരുടേയോ അമിത താല്‍പര്യം ചീഫ് സെക്രട്ടറിയും പൊതുഭരണവകുപ്പ് സെക്രട്ടറിയും ഒന്നും അറി‍ഞ്ഞില്ലേ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. 

ENGLISH SUMMARY:

The Chief Electoral Officer has blocked the Kerala IT Department's attempt to freeze the E-Office system at the Secretariat for five days. The government's plan to suspend electronic filing for maintenance right after the election raised suspicions of code of conduct violations and file tampering. Following a complaint from Opposition Leader V.D. Satheesan, the CEO ruled that freezing crucial files during the election period was impractical. The IT Department issued a corrective circular staying the renovation process after the commission's intervention. However, describing the commission's order as a "request" has sparked amusement among employees. The move was initially spotted by opposition service organizations.