കണ്ണൂര്‍ മട്ടന്നൂർ മണ്ഡലത്തിലെ മാലൂരിൽ ബിജെപി ബൂത്ത് ഏജന്റിനുനേരെ ആക്രമണം. സിപിഎമ്മുകാർ ബൂത്ത് ഏജന്റിന് നേരെ കല്ലെറിഞ്ഞെന്ന് പരാതി. ബൂത്ത് ഏജന്റ് മനോളി ഷൈജുവിന്റെ തലയ്ക്ക് പരുക്കേറ്റു. കുണ്ടേരിപൊയിൽ എൽ.പി. സ്‌കൂളിൽ ബൂത്ത് ഏജന്റായി അപേക്ഷ സമർപ്പിച്ചശേഷം തിരിച്ചുവരുമ്പോൾ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഷൈജുവിനെ തലശ്ശേരി ജനറൽ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കത്തികയറിയ ഹൈസ്പീഡ് പ്രചരണത്തിനൊടുവില്‍ കേരളം ഇന്ന് പോളിംങ് ബൂത്തിലേക്ക്. സംസ്ഥാനം അടുത്ത അഞ്ചുവര്‍ഷം ആരു ഭരിക്കണമെന്നതിനൊപ്പം പ്രധാന മുന്നണികളുടെയും നേതാക്കളുടെയും രാഷ്ട്രീയ ഭാവി കൂടി തീരുമാനിക്കപ്പെടുന്ന നിര്‍ണായക വിധിയെഴുത്താണ് ഇന്നു നടക്കുക. 2,71,42,952 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
എസ്.ഐ.ആറിന് ശേഷം തയ്യാറാക്കിയ വോട്ടര്‍പട്ടിക അനുസരിച്ചുള്ള ആദ്യതിരഞ്ഞെടുപ്പെന്ന പ്രാധാന്യവും ഉണ്ട്. രാവിലെ ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറുമണിവരെ പോളിങ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും വോട്ടുചെയ്യാന്‍ അവസരം ഉണ്ടാകും. ആകെ 30,495 പോളിങ് ബൂത്തുകളാണുള്ളത്. 2040 എണ്ണം പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. 76000 പൊലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ട്. എല്ലാ ബൂത്തുകളില്‍നിന്നും വെബ് കാസ്റ്റിംങും ഏര്‍പ്പെടുത്തിയിട്ടുണ്ട്