akhil-marar-sobha-surendran

പാലക്കാട്ട് വോട്ടര്‍ക്ക് എന്‍ഡിഎ പ്രതിനിധികള്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് പിന്തുണയുമായി തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. പാലക്കാട് വോട്ടിനു പണം നൽകി എന്ന ആരോപണം ശ്രദ്ധയിൽ പെട്ടുവെന്ന് അഖില്‍ പറഞ്ഞു. എടാ വിഡ്ഢികളെ ലോകത്തു ആരെങ്കിലും പണം കൊടുത്തു വോട്ട് നേടുന്നത് പരസ്യമായിട്ടാണോ എന്നായിരുന്നു അഖിലിന്‍റെ പ്രതികരണം. 

ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി പല വീടുകൾ കയറി ഇറങ്ങുമ്പോൾ കണ്ണീരോടെ ദുഃഖങ്ങൾ പറയുന്ന കുടുംബങ്ങളെ കാണുമ്പോൾ അവരെ സഹായിക്കണം എന്നെനിക്ക് തോന്നും.. എന്നാൽ തിരഞ്ഞെടുപ്പ് സമയം ആണ് ഒന്നും ചെയ്യാൻ പാടില്ല എന്ന് പാർട്ടി നേതാക്കൾ എന്നോട് പറയും... സത്യത്തിൽ ദേഷ്യമാണ് വരുന്നത്, എല്ലാം നഷ്ടപ്പെട്ടു കഴിയുന്ന ഒരു കുടുംബം അവരുടെ പ്രയാസങ്ങൾ പറയുമ്പോൾ വോട്ട് ചോദിച്ചിട്ട് ഇറങ്ങി പോകാൻ, അഖില്‍ പറഞ്ഞു. 

നാളിത് വരെ അവരെ പറഞ്ഞു പറ്റിച്ച നാറികളുടെ വാക്ക് വിശ്വസിച്ചു ജീവിതം ഇല്ലാതെ പോയ കുറെ മനുഷ്യർ.. വിശക്കുന്നവന് ഭക്ഷണം കൊടുക്കാൻ ആണ് ഈശ്വരൻ എന്നെ പഠിപ്പിച്ചത്. ഒരുവൻ നമ്മോട് അവന്റെ വിഷമം പറയുമ്പോൾ ഉപദേശം കൊടുക്കാൻ അല്ല മറിച്ചു ആ വിഷമത്തിന് എന്ത് പരിഹാരം കൊടുക്കാൻ കഴിയും എന്നതാണ് എന്റെ ചിന്ത..

വോട്ട് ചോദിച്ചു പോയപ്പോൾ തന്റെ ദുരിതം പറഞ്ഞ ഒരു പാവത്തിന്റെ അവസ്ഥ കെട്ട് ആരെങ്കിലും സഹായിച്ചെങ്കിൽ അതൊരു മഹാപാരാധമായി ഈ രാജ്യത്തു മാറുന്നെങ്കിൽ ആ അപരാധത്തിന് കാരണക്കാർ ഇന്നലെ വരെ ഈ പാവങ്ങളുടെ ദുരിതം വിറ്റ് തിന്ന ഇടതനും കോൺഗ്രസ്സും ഒക്കെയാണെന്നും അഖില്‍ കുറ്റപ്പെടുത്തു. നിയമം തെറ്റുകാരിയാക്കുമായിരിക്കും, നീതി അതിനെ ശരി വക്കും എന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. 

ശോഭ ചേച്ചി പാലക്കാട്‌ ജനതയുടെ ശബ്ദമായി എനിക്കൊപ്പം നിയമസഭയിൽ ചേച്ചിയും ഉണ്ടാവണം.. ചേച്ചിയും അനിയനും ഒക്കെ ചേർന്ന് ഈ നെറികെട്ട ജന്മങ്ങളെ നിർത്തി പൊരിക്കണം.. മുറിച്ചാൽ മുറി കൂടുന്ന ഇനങ്ങളെ കണ്ടിട്ടില്ലെങ്കിൽ കണ്ടോ.. നിയമങ്ങൾ നീതിക്ക് നിരക്കുന്നത് ആവണമെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ അഖില്‍ പറഞ്ഞു. 

ശോഭ സുരേന്ദ്രന് ഒപ്പമെത്തിയ വനിതാ പ്രവര്‍ത്തക, വീട്ടിലെത്തി വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശോഭ ഭീഷണിപ്പെടുത്തുന്ന വിഡിയോയും പുറത്തുവന്നിരുന്നു. പണം നല്‍കിയെന്ന ആരോപണത്തില്‍ പൊലീസ് കേസെടുത്തു. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. എന്‍ഡിഎ പ്രവര്‍ത്തകരെ പ്രതികളാക്കിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡിന്റെ പരാതിയിലാണ് കേസ്.

ENGLISH SUMMARY:

Akhil Marar, the NDA candidate from Thrikkakara, has come out in support of Shobha Surendran, the BJP candidate from Palakkad, amidst allegations of vote-buying. Marar responded to the accusations by questioning the logic of openly distributing money for votes, suggesting it would be foolish and that such actions would be done discreetly if true.