സർവീസ് വോട്ടുകൾ രേഖപ്പെടുത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഗുരുതര വീഴ്ചയെന്ന് സർവീസ് സംഘടനകൾ. കൃത്യസമയത്ത് ബാലറ്റുകൾ കിട്ടാത്തതിനാൽ പലർക്കും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ബൂത്തുകളിൽ എത്തി വോട്ടവകാശം രേഖപ്പെടുത്താനാവുന്നില്ലെന്നാണ് പരാതി. സർവീസ് വോട്ടുകൾ ബോധപൂർവം ഒഴിവാക്കാനുള്ള ശ്രമമാണെന്നും സമയം നീട്ടിനൽകണമെന്നും സർവീസ് സംഘടനകൾ. 65 ശതമാനം സർവീസ് വോട്ടുകൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയ പാർട്ടികൾക്കും സർക്കാർ ജീവനക്കാർക്കും പരാതിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ മനോരമ ന്യൂസിനോട് പറഞ്ഞു.
പതിനാല് അവശ്യ സേവന വിഭാഗങ്ങളിലായി മുപ്പത്തി മൂവായിരത്തി എഴുന്നൂറ്റി മൂന്ന് വോട്ടർമാരാണ് സർവീസ് വോട്ടിന് അപേക്ഷിച്ചത്. ഇതിൽ 65 ശതമാനം വോട്ട് രേപ്പെടുത്തിക്കഴിഞ്ഞു. മറ്റുള്ളവർക്ക് 154 ഇടങ്ങളിലായി തുടരുന്ന ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടാവും. ബാലറ്റുകൾ കിട്ടാൻ കാലതാമസമില്ല. ഒരാളുടെയും വോട്ട് നഷ്ടപ്പെടില്ല. വ്യാജ പ്രചരണങ്ങൾ ഒഴിവാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. ബാലറ്റ് പേപ്പർ വിതരണം ചെയ്യാതെ പ്രതിസന്ധിയുണ്ടാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കമ്മിഷൻ കൂട്ടുനിൽക്കുന്നുവെന്ന് സർവീസ് സംഘടനകൾ.
സർവീസ് വോട്ടുകൾ രേഖപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന് സിപിഎം, കോൺഗ്രസ് നേതൃത്വങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണുന്ന മേയ് നാല് വരെ സാവകാശം അനുവദിക്കണമെന്നാണ് ആവശ്യം. നിലവിലെ സാഹചര്യത്തിൽ കാലാവധി നീട്ടേണ്ട ആവശ്യമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.