പ്രത്യാശയുടെ ഈസ്റ്റർ ദിനത്തിൽ ആറുപേർക്ക് പുതുജീവനേകി വീണ്ടും അവയവദാനം. വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം ആനയറ സ്വദേശി എസ്. കൃഷ്ണലാലിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ആകാശമാർഗ്ഗം എത്തിച്ച ഹൃദയം സ്വീകരിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവാവ് ജീവിതത്തിലേക്ക് മടങ്ങുകയാണ്.

ഈ ഉയിർപ്പ് ഞായറാഴ്ച കൃഷ്ണലാലിന്റെ കുടുംബത്തിന്റെ മഹാദാനം കോട്ടയത്തൊരു കുടുംബത്തിൽ പുതിയ പ്രതീക്ഷകൾ നിറയ്ക്കുകയാണ്. കൃഷ്ണലാലിന്റെ ഹൃദയം കുമരകം സ്വദേശി അരുണിൽ മിടിച്ചുതുടങ്ങി. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കിംസ് ആശുപത്രിയിൽ നിന്ന് ഹൃദയവുമായി പുറപ്പെട്ട ആംബുലൻസ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. നിമിഷങ്ങൾക്കുള്ളിൽ തുടിക്കുന്ന ഹൃദയവുമായി എയർ ആംബുലൻസ് പറന്നുയർന്നു.

പൊലീസ് പരേഡ് ഗ്രൗണ്ടിൽ ലാൻഡ് ചെയ്ത ഹെലികോപ്റ്ററിൽ നിന്ന് ആംബുലൻസിൽ അതിവേഗം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് അരുണിന്റെ ശരീരത്തിലേക്ക് ഹൃദയമാറ്റം നടത്തി. ഒന്നാം തീയതി വീടിന് സമീപം സൈക്കിളിൽ പോകുമ്പോൾ കാറിടിച്ചാണ് കൃഷ്ണലാലിന് അപകടമുണ്ടായത്. മദ്യപിച്ച് കാറോടിച്ച മെഡിക്കൽ കോളേജ് സ്വദേശി പ്രശാന്തിനെതിരെ കർശന നടപടി വേണമെന്ന് കൃഷ്ണലാലിന്റെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു.

ENGLISH SUMMARY:

Organ donation brings new life to six individuals this Easter. The organs of S. Krishnalal, who died in a road accident in Thiruvananthapuram, were donated, offering hope and a renewed future.