സോഷ്യല്‍മീഡിയയില്‍ ‘ഗുണ്ട ബിനു’ എന്ന പേരില്‍ അറിയപ്പെട്ട ശരത് ഉണ്ണിത്താന്‍ അമേരിക്കയില്‍വച്ച് അന്തരിച്ചതായി റിപ്പോര്‍ട്ട്. അറ്റ്ലാന്റയിൽ കുഴഞ്ഞു വീണായിരുന്നു മരണം. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്സുള്ള താരത്തിന്റെ പല വിഡിയോകളും റീലുകളും വൈറലായിരുന്നു. മരണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
ഉത്സവപ്പറമ്പിലെ ക്വട്ടേഷന്‍ എന്ന പേരില്‍ ചെയ്ത റീലുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്ത പല റീലുകളും വൈറലായിരുന്നു. ഗുണ്ടയുടെ വേഷമിട്ട് കറുത്ത കട്ടിമീശയും പുരികവും വരച്ചുവച്ച് ശരത് ചെയ്ത വിഡിയോകളെല്ലാം വലിയ തോതില്‍ പ്രേക്ഷകരെ രസിപ്പിച്ചവയായിരുന്നു. ‘ചിരിക്കാന്‍ വിധി ഉള്ളവരെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ടവന്‍’ എന്നാണ് പ്രൊഫൈല്‍ പേജില്‍ ശരത് സ്വയം വിശേഷിപ്പിക്കുന്നത്.
മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.