ഒന്നില്‍ പിഴച്ചാല്‍ മൂന്ന്! തുടര്‍ച്ചയായി വന്ന മൂന്നാമത്തെ ലൈംഗിക പീഡനക്കേസിലാണ് ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ രഞ്ജിത്ത് അറസ്റ്റിലായത്. ആദ്യ രണ്ട് കേസുകളിലും സാങ്കേതിക കാരണങ്ങളുടെ പേരില്‍ രഞ്ജിത് രക്ഷപെടുകയായിരുന്നു. പരാതി നല്‍കാനുണ്ടായ കാലതാമസം, ആരോപണങ്ങളിലെ വ്യക്തതയില്ലായ്മ തുടങ്ങിയ കാരണങ്ങളാലാണ് ഈ കേസുകള്‍ തള്ളിയത്. എന്നാല്‍ ഫോര്‍ട്ട് കൊച്ചിയില്‍ കാരവനില്‍ വച്ച് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രഞ്ജിത്തിനെ പൊലീസ് പൂട്ടി.
ബംഗാളി നടി നല്‍കിയ കേസും പ്രകൃതിവിരുദ്ധപീഡനത്തിന് കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ കേസും ഉണ്ടാക്കിയ കടുത്ത സമ്മര്‍ദത്തിലാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടിവന്നത്. ഇപ്പോഴിതാ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയതിന്‍റെ കാരണവും നിലനിര്‍ത്താനിടയാക്കിയ സാഹചര്യവും വിശദീകരിക്കുകയാണ് സിനിമാമന്ത്രി സജി ചെറിയാന്‍. ‘നമ്മള്‍ ഒരു സ്ഥാനത്തേക്ക് ഒരാളെ എടുക്കുമ്പോള്‍ ആ രംഗത്തുള്ള അയാളുടെ കഴിവാണ് പരിശോധിക്കുന്നത്. മറ്റ് ‘കഴിവുകള്‍’ എന്തൊക്കെയാണെന്നത് നമ്മുടെ മുന്നില്‍ ഇല്ലല്ലോ’ – സജി ചെറിയാന്‍ തിരുവല്ലയില്‍ പറഞ്ഞത് ഇങ്ങനെ.
സിനിമാരംഗത്ത് ശ്രദ്ധേയമായി പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ അദ്ദേഹത്തിന് ചലച്ചിത്ര അക്കാദമിയെ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ആ പദവിയില്‍നിയമിച്ചത്. അത് അദ്ദേഹം നന്നായി ചെയ്തുവെന്നും സജി ചെറിയാന്‍ സാക്ഷ്യപ്പെടുത്തി. ‘വസ്തുതകള്‍ പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നന്നായി മുന്നോട്ട് കൊണ്ടുപോയി. ഒരുഘട്ടത്തില്‍ ആരോപണം വന്നു. അപ്പോള്‍ സ്വാഭാവികമായും അദ്ദേഹം ഒഴിഞ്ഞുപോയി.’ – സിനിമാ മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി വന്ന ആരോപണങ്ങളെക്കുറിച്ചും കേസുകളെക്കുറിച്ചുമുള്ള ചോദ്യങ്ങളെയും സിനിമാമന്ത്രി പ്രതിരോധിച്ചു. ‘വീണ്ടും വീണ്ടും അങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നതിനെ ഗൗരവമായാണ് ഞാന്‍ കാണുന്നത്. അങ്ങനെയൊരാള്‍ ഏതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍പ്പോയി വെട്ടില്‍ വീണാലോ തെറ്റായ കാര്യങ്ങള്‍ ചെയ്താലോ അതെല്ലാം ആ സ്ഥാപനത്തിന്‍റെ ചുമലില്‍ കെട്ടിവയ്ക്കേണ്ട കാര്യമില്ല. അങ്ങനെയാണെങ്കില്‍ രാഷ്ട്രീയരംഗത്തും സാംസ്കാരിക രംഗത്തും സാഹിത്യരംഗത്തും മതരംഗത്തും ഒക്കെയുള്ള ഒരുപാടാളുകള്‍ ഇത്തരം കാര്യങ്ങളില്‍ പോയി വീണിട്ടുണ്ടല്ലോ. അതിനെ ആ രൂപത്തില്‍ വ്യക്തിപരമായി കണ്ടാല്‍ മതി. അതിനെയൊന്നും പൊതുവായ ഭരണപരമായ കാര്യങ്ങളിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല.’ – സജി ചെറിയാന്‍ വിശദീകരിച്ചു
സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടെയും സംരക്ഷണം കൊണ്ടല്ലേ രഞ്ജിത്തിന് വീണ്ടും ഇതേ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരണ കിട്ടിയതെന്ന ചോദ്യത്തിന്, 'അദ്ദേഹത്തെ ഒരിക്കലും സംരക്ഷിച്ചിട്ടില്ല' എന്നായിരുന്നു സിനിമാമന്ത്രിയുടെ മറുപടി. ‘ആക്ഷേപം വന്നപ്പോള്‍ത്തന്നെ നടപടിക്രമങ്ങള്‍ അനുസരിച്ച് നിയമപരമായ നടപടികളെല്ലാം സ്വീകരിച്ചു. അദ്ദേഹം ഒഴിവാക്കപ്പെടുകയും ചെയ്തു. അന്നും ഇരയോടൊപ്പമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.’ – സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.