പുന്നപ്രയുടെ ചരിത്രം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അമ്പലപ്പുഴയിലെ പ്രസംഗം. വഞ്ചകരെ അമ്പലപ്പുഴ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നു ജി.സുധാകരന്റെ പേര് പറയാതെ വിമര്‍ശിച്ചു. അവസരവാദികള്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീഴും. വ്യതിചലിച്ചവര്‍ ആ വഴി പോകും. ബാക്കിയുള്ളവര്‍ തുടരും. ജനങ്ങളെ കുറച്ചുകാണരുതെന്നും പിണറായി അമ്പലപ്പുഴയില്‍ പറഞ്ഞു.
Also read: ‘നീ പോ മോനേ...വിജയ...ടൈം ഈസ് ഓവര്‍’; കാണികളെ കയ്യിലെടുത്ത് രേവന്ത് റെഡ്ഡി
രാവിലെ വാര്‍ത്താസമ്മേളനത്തിലും ജി. സുധാകരനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. സുധാകരൻ സംയുക്ത സ്ഥാനാർഥിയാണെന്നും ബിജെപി വോട്ടുകൾ കൂടി ലക്ഷ്യംവെച്ചാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയമായ ഗതികേടാണ് ഈ നീക്കത്തിൽ വ്യക്തമാകുന്നത്. സുധാകരനെ വളർത്തിയത് പാർട്ടിയാണെന്ന് ഓര്‍മിപ്പിച്ച പിണറായി വിജയൻ സജി ചെറിയാൻ പാർട്ടിയിൽ വളർന്നുവന്നതിലുള്ള വൈമുഖ്യമാണ് സുധാകരന്റെ ഇപ്പോഴത്തെ നിലപാടിന് പിന്നിലെന്നും വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന സർവേ ഫലങ്ങളിൽ യാതൊരു ആശങ്കയുമില്ല. ഇത്തരം സർവേകളല്ല, ജനങ്ങളാണ് എല്ലാ കാര്യങ്ങളിലും അന്തിമമായി തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ സഹായ നിയന്ത്രണ നിയമ ഭേദഗതി പിന്‍വലിക്കണം. നിയമം തിടുക്കപ്പെട്ട് നടപ്പാക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ‘മാരീച വേഷം’ കെട്ടിയവർ കേക്കുമായി അരമനകളില്‍ വരെ എത്തിയേക്കാം. അത്തരക്കാരെ തിരിച്ചറിയുകയും സൂക്ഷിക്കുകയും വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.