കേരളത്തിൽ ചാരായം നിരോധിച്ചിട്ട് ഇന്ന് 30 വർഷം തികഞ്ഞു. 1996 ഏപ്രിൽ ഒന്നിനാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി സംസ്ഥാനത്ത് ചാരായം നിരോധിച്ചുകൊണ്ട് ചരിത്രപരമായ തീരുമാനമെടുത്തത്. കേരളീയ സമൂഹത്തിൽ, വിശേഷിച്ച് താഴെത്തട്ടിലുള്ള കുടുംബങ്ങളിൽ അക്കാലത്ത് വലിയ മാറ്റങ്ങൾക്ക് ചാരായ നിരോധനം കാരണമായി.
ജോലി കഴിഞ്ഞാല്‍ നേരേ ചാരായഷാപ്പ്, കിട്ടുന്നകൂലിയുടെ മുക്കാലും മില്ലിയടിക്കാന്‍ ഒഴുകിപ്പോയിലുന്ന കാലം. കുടുംബകലഹങ്ങളും സ്ത്രീപീഡനവും വലിയൊരു സാമൂഹിക പ്രശ്നമായി വളര്‍ന്ന തൊണ്ണൂറുകൾ. വീര്യം കൂടിയതും പലപ്പോഴും മായം കലർന്നതുമായ വാറ്റു ചാരായം സാധാരണക്കാരുടെ ആരോഗ്യത്തെയും സാമ്പത്തിക ഭദ്രതയെയും തരിപ്പണമാക്കികൊണ്ടിരുന്ന സാമൂഹിക പശ്ചാത്തലം. ഈ സാഹചര്യത്തിലാണ് അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണീരൊപ്പാൻ എന്ന പ്രഖ്യാപനത്തോടെ എ.കെ ആന്‍റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചത്.
നിരോധനത്തെത്തുടർന്ന് 5,600 ചാരായ ഷാപ്പുകൾ ഒറ്റയടിക്ക് അടച്ചുപൂട്ടി . ഏകദേശം 12,000ത്തിലേറെ തൊഴിലാളികൾക്ക് ജോലിപോയി.അന്നത്തെ കണക്കനുസരിച്ച് ഏകദേശം 250 കോടി രൂപയുടെ നികുതി വരുമാനം സർക്കാരിന് നഷ്ടമായി. മില്ലിയടി എന്ന പ്രയോഗം തന്നെ ഇല്ലാതായി.
വിലകുറഞ്ഞ ലഹരിയുടെ ലഭ്യതക്കുറവ് അക്കാലത്ത് വലിയതോതില്‍ ഗുണംചെയ്തെങ്കിലും ക്രമേണ ലഹരിഅന്വേഷകര്‍ വിലകൂടിയ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിലേക്ക് ചുവടുമാറ്റി ഇതോടെ ബവ്‌റിജസ് കോര്‍പറേഷന്‍റെ വിറ്റുവരവ് പലമടങ്ങ് കുതിച്ചുകയറി . സര്‍ക്കാരിന്‍റെ പ്രധാന നികുതിവരുമാനമാര്‍ഗങ്ങളിലൊന്നായി ഇത് മാറി. ഇന്ന് മുപ്പത് വർഷം പിന്നിടുമ്പോൾ, കേരളത്തിൽ ചാരായം ഔദ്യോഗികമായി ലഭ്യമല്ലെങ്കിലും വ്യാജവാറ്റും രാസലഹരിഉള്‍പ്പടെയുള്ള വസ്തുക്കളും വ്യാപകമാകുന്നത് വലിയതോതില്‍ ആശങ്കയുണ്ടാക്കുന്നു. എങ്കിലും മദ്യ വിമുക്ത കേരളം എന്ന സ്വപ്നത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായി 1996-ലെ ചാരായ നിരോധന തീരുമാനത്തെ കണക്കാക്കാം.