യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു‌. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അതിനിടെ കള്ളക്കേസെന്ന് രഞ്ജിത് പ്രതികരിച്ചു. തന്നെ തകര്‍ക്കാനുളള ശ്രമമെന്നും രഞ്ജിത്ത് ആരോപിച്ചു. നടിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലും പൊലീസ് നിലപാട് കണക്കിലെടുത്തുമാണ് കോടതി റിമാന്‍ഡ് ചെയ്തു. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് കൊണ്ടുപോയി. രഞ്ജിത്തിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി. ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം

രാവിലെ ആശുപത്രിയില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും എന്നാണ് അഭിഭാഷകരെ അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നേരെ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ രഞ്ജിത്ത് ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യമല്ല, റഗുലര്‍ ജാമ്യത്തിനാണ് അപേക്ഷ നല്‍കിയതെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യാപേക്ഷയില്‍ ഇന്നുതന്നെ കോടതി വാദം കേള്‍ക്കും. ഇപ്പോള്‍ പരാതിക്കാരിയുടെ മൊഴി മാത്രമേയുള്ളുവെന്നും അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വാദങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

രഞ്ജിത്തിനെ അറസ്റ്റ് ചെയ്യാനും കോടതിയിലെത്തിക്കാനും പൊലീസ് അനാവശ്യ തിടുക്കം കാട്ടിയെന്ന് അഭിഭാഷകന്‍ ആരോപിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ്. നട്ടെല്ലിനും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. പരാതിയില്‍ കഴമ്പില്ലെന്നും സത്യമില്ലെന്നുമാണ് രഞ്ജിത്ത് പറഞ്ഞതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കേസെടുത്ത വിവരമോ അറസ്റ്റിനെക്കുറിച്ചോ ഇതുവരെ അറിവില്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 

സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞായിരുന്നു മിന്നൽ നീക്കം. ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലാണ് പീഡനം നടന്നത്. രഞ്ജിത്ത് നിലവിൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാരവാനിൽ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് നടി മൊഴി നൽകിയത്. ഇതിന് പിന്നാലെ മാനസികമായി തളർന്ന നടി കൗൺസിലിംഗിന് ശേഷമാണ് നിയമപോരാട്ടത്തിന് തയ്യാറായി നടി പോലീസിനെ സമീപിച്ചത്. സിനിമാസെറ്റിൽ വെച്ച് തന്നെ പരാതി ഒതുക്കാൻ ശ്രമം നടന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. 

Bns 75, 75(1), 79 എന്നീ വകുപ്പുകൾക്ക് പുറമെ വ്യക്തിയെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതിനും കേസുണ്ട്. എറണാകുളം നോർത്ത് വനിതാ പോലീസ് സ്റ്റേഷനിൽ നടി നൽകിയ മൊഴിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. 

ENGLISH SUMMARY:

Film director Ranjith has been remanded to 14 days of judicial custody following his arrest in connection with an attempted sexual assault case filed by a young actress. The arrest was carried out in a secretive operation by Kochi police in Thodupuzha. The complaint alleges that the incident took place inside a caravan during a film shoot in Fort Kochi. The actress, after undergoing counseling, approached the police and accused attempts to suppress the complaint on set. Charges have been filed under multiple sections, including wrongful confinement. The case has sent shockwaves across the film industry, with further legal proceedings, including bail consideration, underway.