സംവിധായകന്‍ രഞ്ജിത്ത് യുവനടിയുടെ പീഡനപരാതിയില്‍ അറസ്റ്റില്‍. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരം തൊടുപുഴയില്‍ വച്ചാണ് അറസ്റ്റ് . ഷൂട്ടിങ്ങിനിടെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് നടപടി. സംഭവം നടന്നത് ഫോര്‍ട്ട് കൊച്ചിയില്‍ വച്ച് ജനുവരിയിലാണ്. രഞ്ജിത്തിനെ കോട്ടയത്തുവച്ച് അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയിരുന്നു. കേസ് വിവരം അറിഞ്ഞശേഷം രഞ്ജിത്ത് കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. രാവിലെ മുതല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തൊടുപുഴയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് അറസ്റ്റ്. ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം അതീവരഹസ്യമായിട്ടായിരുന്നു അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. നടിയുടെ പരാതിയില്‍ അതീവരഹസ്യമായാണ് കേരളാ പോലീസ് നീങ്ങിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്ന് കേസ്. തൊടുപുഴ പൊലീസ് കൊച്ചി പൊലീസിന് കൈമാറി. കൊച്ചി ഡി.സി.പി. അശ്വതി ജിജിക്കാണ് അന്വേഷണ ചുമതല.
നാല് ദിവസം മുന്‍പാണ് നടി ഡിജിപിക്കും എസ്‌ഐടിക്കും പരാതി നല്‍കിയത്. രഞ്ജിത്തിനെതിരെ കേസെടുത്തത് ഇന്നലെയാണ്. വനിതാ എസ്‍ഐയുടെ നേതൃത്വത്തിലുള്ള സംഘാണ് കേസ് അന്വേഷിക്കുന്നത്. ലൈംഗിക അതിക്രമം,സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ ചുമത്തി. രഞ്ജിത്തിനെതിരായ പരാതിയില്‍ നടിയുെട രഹസ്യമൊഴി രേഖപ്പെടുത്തി. തൊടുപുഴ മുട്ടത്തുവച്ച് രഞ്ജിത്തിന്റെ കാര്‍ പൊലീസ് തടഞ്ഞാണ് അറസ്റ്റ്. പൊലീസ് നീക്കം നടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്. കേസിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ രഞ്ജിത്ത് പ്രതികരിച്ചില്ല. രഞ്ജിത്തുമായി പൊലീസ് തൊടുപുഴയില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു.
നേരത്തെ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെന്ന ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ റജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ നടപടികളാണു റദ്ദാക്കിയത്. 2009 ൽ സിനിമയുടെ ചർച്ചയ്ക്കായി രഞ്ജിത് അപ്പാർട്മെന്റിലേക്കു വിളിച്ചെന്നും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് 2024ലാണ് നടി പരാതി നൽകിയത്. എന്നാൽ 15 വർഷത്തിനു ശേഷമാണ് കേസെടുത്തതെന്നു വിലയിരുത്തിയാണു കോടതി കേസ് റദ്ദാക്കിയത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന് അന്ന് നിലവിലുണ്ടായിരുന്ന നിയമപ്രകാരം, പരമാവധി 2 വർഷം മാത്രം തടവുശിക്ഷയാണ് കിട്ടാവുന്നത്. ഇത്തരം കേസിൽ 2 വർഷത്തിനകം പരാതി നൽകേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണു പരാതി ഉന്നയിച്ചത്. തുടർന്ന് എറണാകുളം ടൗൺ നോർത്ത് പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. ആരോപണം വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു രഞ്ജിത്തിന്റെ ആവശ്യം.