ranjith-arrest-51

തനിക്കെതിരായ പരാതി പീഡനപരാതി വ്യാജമെന്നും  പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും  സംവിധായകന്‍ രഞ്ജിത്. ബലപ്രയോഗത്തിനുള്ള ശാരീരികശേഷി  ഇല്ലെന്നും ഒട്ടേറെ ശത്രുക്കള്‍ ഉണ്ടെന്നും ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ര‍ഞ്ജിത് വ്യക്തമാക്കി. Also Read: രഞ്ജിത്ത് കാരവനില്‍ കയറിയപ്പോള്‍ പുറത്തൊരു സ്ത്രീ കാവല്‍ നിന്നോ?; സംഭവിച്ചത്


അതേസമയം  യുവനടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസിൽ  രഞ്ജിത്തിനെ എറണാകുളം ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ്  14 ദിവസത്തേക്ക്  റിമാന്‍ഡ് ചെയ്തു. കാരവാനിൽ വച്ചാണ്   അതിക്രമം നടത്തിയതെന്നും, രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊലീസ്  റിമാൻഡ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി. ജനുവരി 30 നാണ് കേസിന് ആസ്പദമായ കൃത്യം നടന്നത്.  ‌ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും  പൊലീസ് വ്യക്തമാക്കി.

ഇന്നലെ തൊടുപുഴയിൽ നിന്നും അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ രാവിലെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. .പരാതിക്കാരിയുടെ  രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . സമാനമായ രണ്ട് കേസുകൾ രഞ്ജിത്തിനെതിരെ ഉണ്ടായിരുന്നു. റിമാന്‍ഡിലായ  രഞ്ജിത്തിനെ  വൈദ്യപരിശോധനയ്ക്ക് ശേഷം  എറണാകുളം സബ്ജയിലേക്ക് മാറ്റി. 

ലൈംഗീകാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ എന്നി വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്. യുവതിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പ്രാഥമികമായി കഴമ്പുണ്ടെന്നും, തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു

രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഇതിനായി ഇന്നുതന്നെ കസ്റ്റഡി അപേക്ഷ നൽകും. പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണ് നടത്തിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിലപാട്. തെളിവുകൾ കണ്ടെത്തുന്നതിനും, കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായാണ് കസ്റ്റഡിയില്‍  വാങ്ങുന്നത് . കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ഇതിനുശേഷമായിരിക്കും രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക.

കേസിനാസ്പദമായ കൃത്യം നടന്നത് ജനുവരി 30നാണെങ്കിലും, പരാതി നൽകാൻ സാധിക്കുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല യുവതി. മാർച്ച് 28നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ കാണാൻ യുവതിയും കുടുംബവും എത്തിയത്. പരാതി ലഭിച്ച ഉടനെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഉദയംപേരൂർ എസ്എച്ച്ഒക്കാണ് അന്വേഷണച്ചുമതല. കേസെടുത്തതിന് പിന്നാലെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റിലേക്ക് കടന്നത്. വിവരം മണത്തിറഞ്ഞ രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. കോട്ടയത്തുവച്ച് അറസ്റ്റിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ഇന്നലെ ഇടുക്കി മുട്ടത്തുനിന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു. തൊട്ടു പിന്നാലെ കൊച്ചിയിൽ നിന്നും പൊലീസ് സംഘമെത്തി അറസ്റ്റ് രേഖപ്പെടുത്തി. പാതിരാത്രി തന്നെ കൊച്ചിയിലേക്ക് കൊണ്ടുവന്നു. 

ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്തസമ്മർദം വർദ്ധിച്ചതായി കണ്ടെത്തി. ഇസിജിയിലും വ്യതിയാനം ഉണ്ടായിരുന്നു. തുടർന്ന് നാലു മണിക്കൂറോളം ആശുപത്രിയിൽ തുടര്‍ന്നു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ വിലയിരുത്തിയശേഷം  ഏഴുമണിയോടെ  പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിൽ മാധ്യമപ്രവർത്തകരുടെ തിരക്ക് കണ്ടതോടെ രഞ്ജിത്തിനെ ഇറക്കാതെ വാഹനം നേരെ ജഡ്ജിയുടെ വീട്ടിലേക്ക്. കൊച്ചി കുണ്ടന്നൂരിൽ ജഡ്ജിയുടെ വീട് അന്വേഷിച്ച് പൊലീസ് സംഘം കുറച്ചധികം സമയം തപ്പിതടഞ്ഞു. ഒടുവിൽ മജിസ്റ്റേറ്റിന്റെ വീട് കണ്ടെത്തി. രഞ്ജിത്തിനെ വീടിന്‍റെ  മുറ്റത്ത് നിർത്തി ജഡ്ജി നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇതിനിടെ രഞ്ജിത്തിന്‍റെ അഭിഭാഷകൻ എത്തിയെങ്കിലും റിമാൻഡിൽ മാറ്റം ഉണ്ടായില്ല. വീണ്ടും വൈദ്യ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചു. അരമണിക്കൂറിനു ശേഷം എറണാകുളം സബ്ജയിലേക്ക്. കള്ളക്കേസ് ആണെന്നും, ഇക്കാര്യം തെളിയും എന്നും പലതവണ രഞ്ജിത്ത് ആവർത്തിച്ചു

എന്നാൽ കൃത്യമായി തെളിവുണ്ടെന്നും, രഹസ്യ സ്വഭാവത്തോടെയാണ് നടപടികൾ മുന്നോട്ടുകൊണ്ടുപോയതെന്നുമാണ് പൊലീസ് നിലപാട്. അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ രഞ്ജിത്ത് ശ്രമിച്ചിരുന്നു. രക്ഷപ്പെടാൻ സഹായിച്ചവരും കേസിൽ പ്രതികളാകുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡി അപേക്ഷയ്ക്ക് മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കൂ എന്നതിനാൽ രഞ്ജിത്ത് പുറത്തിറങ്ങാൻ സമയമെടുത്തേക്കും .

ENGLISH SUMMARY:

Director Ranjith has denied allegations of sexual harassment, calling the complaint against him false and part of a conspiracy. In his bail plea, he argued that he lacks the physical strength to commit such an act and claimed to have many enemies. However, police have stated that preliminary findings indicate substance in the complaint filed by a young actress. The alleged incident reportedly occurred inside a caravan during a film shoot. Ranjith has been remanded, and the case continues to draw attention across the film industry and legal circles.